മായം കലര്‍ന്ന ശീതളപാനീയ വില്‍പന സജീവമാകുന്നു
ഒലവക്കോട്: ജില്ലയിലെ കത്തുന്ന വേനലില്‍ ചൂട് കൂടിയതോടെ കൂണുപോലെ പൊട്ടിമുളച്ചിരിക്കുകയാണ് ശീതളപാനീയകടകള്‍. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ശീതളപാനീയ കടകള്‍ തേടി അലയുകയാണ്. വഴിയോരങ്ങളില്‍ തണ്ണിമത്തന്‍, ഇളനീര്‍, കരിമ്പ് ജ്യൂസ് വില്‍പ്പന പൊടിപൊടിക്കുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നാണ് ഇവയെല്ലാം എത്തുന്നത്. കുലുക്കി സര്‍ബത്തും വിപണിയില്‍ സജീവമാണ്. ഇതിനൊക്കെ പുറമെ ഹണി ഗ്രേപ്പ് എന്ന പേരില്‍ വഴിയോരങ്ങളില്‍ ജ്യൂസ് വില്‍പ്പന നടക്കുന്നുണ്ട്. കുലുക്കി സര്‍ബത്തിന്റെയും ഹണി ഗ്രേപ്പിന്റെയുമൊക്കെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
ഹണിഗ്രേപ്പില്‍ ചേര്‍ത്തു നല്‍കുന്ന സിറപ്പിന്റെയോ ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെയോ ഐസിന്റെയോ ഗുണനിലവാരം സംബന്ധിച്ചു പരിശോധനകളൊന്നുമില്ല. പകര്‍ച്ചവ്യാധികള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ നഗരപരിധിയിലെ ഈ കടകളില്‍ നഗരസഭ ആരോഗ്യവിഭാഗം ഇന്നുവരെ ഒരു പരിശോധനയും നടത്തിയിട്ടില്ല. ഹണിഗ്രേപ്പ് കച്ചവടം നടത്തുന്നത് പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളാണ്. ചെറിയ ടെന്‍ഡുകള്‍ കെട്ടി കച്ചവടം നടത്തും. ഒരു സ്ഥലത്ത് സ്ഥിരിമായി ഇരിക്കുന്നുമില്ല.
ശരീരത്തെ തണുപ്പിക്കുന്ന പനനൊങ്കിന് വിപണിയില്‍ നല്ല ഡിമാന്റുണ്ട്. എന്നാല്‍ കരിമ്പനകളുടെ നാടാണെങ്കിലും പാലക്കാട്ടുക്കാര്‍ക്കും നൊങ്ക് കഴിക്കാന്‍ തമിഴ് നാട് കനിയണം.
തമിഴ്‌നാട്ടുകാര്‍ സ്‌കൂട്ടറുകളില്‍ നൊങ്ക് വില്‍പന നടത്തുന്നുണ്ട്. ഇവര്‍ ജ്യൂസ് എന്ന പേരില്‍ ഒരു ദ്രാവകമൊഴിച്ച് നൊങ്കിനൊപ്പം കുടിക്കാന്‍ നല്‍കുന്നുണ്ട്. ഇത് എന്താണെന്നതു സംബന്ധിച്ച് മതിയായ പരിശോധനകള്‍ നടക്കാത്തത് ആശങ്ക ഉയര്‍ത്തുന്നു.
വേനല്‍ക്കാലമായതിനാല്‍ കോളന പോലുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇത്തരം സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കണം.
ഐസ് നിര്‍മാണ കേന്ദ്രങ്ങളിലും ശീതളപാനീയ കടകളിലുമൊക്കെ പരിശോധന അനിവാര്യമാണ്.
മിനറല്‍ വാട്ടറോ തിളപ്പിച്ചാറിയ വെള്ളമോ മാത്രമേ ജ്യൂസുകള്‍ക്കായി ഉപയോഗിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. ചൂട് കണക്കിലെടുത്ത് മിനറല്‍ വാട്ടറിനും വില ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."