ഇസാഫിന്റെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉദ്ഘാടനം 17ന്
തൃശൂര്‍: രജതജൂബിലി ആഘോഷങ്ങളുടെ നിറവില്‍ തൃശൂര്‍ ആസ്ഥാനമായ ഇസാഫിന്റെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 17ന് തുടക്കമാകുമെന്ന് സ്ഥാപകനും എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറുമായ പോള്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച ആദ്യ ബാങ്കായിരിക്കും ഇസാഫ്. 17ന് രാവിലെ പത്തിന് തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
എ.ടി.എം, ഡെബിറ്റ് കാര്‍ഡ് വിതരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വെബ്‌സൈറ്റ് ഉദ്ഘാടനം സി.എന്‍. ജയദേവന്‍ എം.പിയും ഡിജിറ്റല്‍ ബാങ്കിംഗ് ഉദ്ഘാടനം രാജീവ് ചന്ദ്രശേഖരന്‍ എം.പിയും നിര്‍വഹിക്കും.
പ്രധാനമായും കാര്‍ഷിക, ചെറുകിട വ്യവസായ, ഭവന, വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുള്ള നിക്ഷേപ സാധ്യതകള്‍ ബാങ്കില്‍ ഒരുക്കും.
ആദ്യവര്‍ഷത്തില്‍ 85ഓളം ശാഖകളും 300ലേറെ ഉപഭോക്തൃസേവന കേന്ദ്രങ്ങളും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പോള്‍ തോമസ് പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് മണ്ണുത്തി സീവീസ് ഓഡിറ്റോറിയത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിക്കും.
ഇക്കാലയളവില്‍ ഇസാഫിലെ നിര്‍ദ്ധനരായ 25 സംഘാംഗങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും. പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സംഘാംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, മികച്ച സംരംഭകരെ ആദരിക്കല്‍ എന്നിവ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സഹ സ്ഥാപക മറീന പോള്‍, ട്രഷറര്‍ സലീന ജോര്‍ജ്ജ്, ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."