വിസ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
കോഴിക്കോട്: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം വാങ്ങി ഒന്നരവര്‍ഷത്തോളം ഒളിവിലായിരുന്ന ആള്‍ അറസ്റ്റില്‍. കുറ്റിപ്പുറം പുത്തന്‍പറമ്പില്‍ മുജീബിനെ (46)യാണ് നടക്കാവ് പൊലിസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റമാറ്റിക് മാന്‍പവര്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പ്.
മൊബൈല്‍ ഫോണും ഇ മെയിലും വഴി ഖത്തര്‍, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളില്‍ ജോലി ഒഴിവുണ്ടെന്ന് കാണിച്ച് ആകര്‍ഷകമായ പരസ്യങ്ങള്‍ ഇയാള്‍ നല്‍കിയിരുന്നു. പരസ്യം കണ്ടെത്തുന്നവരോട് മൂന്ന് ഗഡുക്കളായി പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദ്യ ഗഡു കൈപറ്റുകയും പിന്നീട് ഫോണിലൂടെ ബന്ധപ്പെട്ട് താന്‍ പറയുന്ന അക്കൗണ്ടുകളില്‍ പണം അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത് മുങ്ങുന്നതായിരുന്നു പ്രതിയുടെ തട്ടിപ്പു രീതി. പാലക്കാട്ടുകാരനായ മനോജ്കുമാര്‍ തന്റെ ഭാര്യയുടെ ജോലിക്കു വേണ്ടി 1,14,000 രൂപ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്.
ഉദ്യോഗാര്‍ഥികളില്‍ നിന്നും കൈപറ്റിയ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ വാങ്ങിയ പ്രതി മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന എല്ലാ നമ്പരുകളും ഉപേക്ഷിച്ച് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് തന്ത്രപരമായി നടത്തിയ നീക്കത്തിനിടെ വീട്ടിലെത്തിയ പ്രതിയെ നടക്കാവ് എസ്.ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. എ.എസ്.ഐ എ അനില്‍കുമാര്‍, സി.പി.ഓമാരായ മുഹമ്മദ് ഷബീര്‍, ബിജു, സിന്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."