ജില്ലയില്‍ നീറ്റ് പരീക്ഷയെഴുതിയത് 8,620 പേര് മഞ്ചേരിയില്‍ പരീക്ഷാ കേന്ദ്രത്തെക്കുറിച്ച് അവ്യക്തത
മലപ്പുറം: മെഡിക്കല്‍ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ജില്ലയില്‍ എഴുതിയത് 8620 പേര്. 21 കേന്ദ്രങ്ങളിലായി ഇന്നലെ രാവിലെ പത്തിനാണ് പരീക്ഷ ആരംഭിച്ചത്.
ജില്ലാ ആസ്ഥാനത്തിനു പുറമേ മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കേന്ദ്രങ്ങളുണ്ടായിരുന്നു. രാവിലെ 7.30 മുതല്‍ വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിലേക്കു പ്രവേശിച്ചിരുന്നെങ്കിലും ഏറെ വൈകിയാണ് പലരും കേന്ദ്രങ്ങളിലെത്തിയത്. പരീക്ഷാ കേന്ദ്രങ്ങള്‍ പലതും നഗരങ്ങളില്‍നിന്ന് അകലെയായതു വിദ്യാര്‍ഥികളെ കുഴക്കി. പല കേന്ദ്രങ്ങളിലും വിദ്യാര്ഥികള്ക്കൊപ്പമെത്തിയവര്ക്കു സ്കൂള്‍ അധികൃതര്‍ സൗകര്യങ്ങള്‍ ഒരുക്കിയപ്പോള്‍ പലരും ഇരിപ്പിടം പോലും നല്‍കിയില്ലെന്ന ആക്ഷേപമുണ്ട്. കൂടുതല്‍ പരാതികളില്ലാതെ നടന്ന പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 232 പേര് മാത്രമാണ് എഴുതാതിരുന്നത്.
പരീക്ഷാ അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രത്തെ സംബന്ധിച്ച അവ്യക്തത മഞ്ചേരിയില്‍ വിദ്യാര്‍ഥികളെ വലച്ചു. പാണ്ടിക്കാട് റോഡില്‍ കെ.എം.എച്ച് മുബാറക് സ്കൂളെന്നായിരുന്നു അറിയിച്ചിരുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിയപ്പോഴാണ് ചെങ്ങണ ബൈപാസിലെ മുബാറക് സ്കൂളിലാണെന്ന് അറിഞ്ഞത്. നേരത്തെ എത്തിയിടത്തുനിന്നു മൂന്നു കിലോമീറ്ററോളം ദൂരമാണ് ഇവിടേക്കുള്ളത്. അഡ്മിറ്റ് കാര്‍ഡിലുളള സ്കൂളിനെ സംബന്ധിച്ച് അറിയാവുന്ന അടുത്തുനിന്നെത്തിയ വിദ്യാര്‍ഥികളാണ് കൂടുതല്‍ വലഞ്ഞത്. പിന്നീട് ഇവര്‍ ഓട്ടോറിക്ഷയിലും മറ്റുമാണ് പരീക്ഷാകേന്ദ്രത്തിലേക്കു പാഞ്ഞത്. സ്കൂളിനു ദൂരെ വാഹനം നിര്‍ത്തി നടന്നാണ് മിക്ക വിദ്യാര്‍ഥികളും പരീക്ഷാകേന്ദ്രത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."