അസംഘടിത മേഖലയില്‍ മിനിമം വേതനം കിട്ടുന്നില്ല: മന്ത്രി സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 60 ശതമാനം തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭിക്കുന്നില്ലെന്ന് മന്ത്രി ജി സുധാകരന്‍. നിയമസഭയില്‍ ഏറ്റവും കുറഞ്ഞ കൂലി (ഭേദഗതി) ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. താന്‍ മുന്‍പ് മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന കയര്‍ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ബില്‍ മുതലാളിമാര്‍ക്കു വേണ്ടി കോടതി സ്റ്റേ ചെയ്യുകയുണ്ടായി. ഇങ്ങനെ തൊഴിലാളികളുടെ ക്ഷേമത്തിനു സ്വീകരിക്കുന്ന പല നടപടികളും കോടതികള്‍ സ്റ്റേ ചെയ്യുന്ന അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
1948ലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്‍. തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച അവകാശവാദങ്ങളും തര്‍ക്കങ്ങളും കേള്‍ക്കുന്നതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ തൊഴില്‍ കമ്മിഷണറുടെ പദവിയില്‍ താഴെയല്ലാത്ത ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ എന്നതിനു പകരം തൊഴില്‍ കമ്മിഷണറുടെ പദവിയില്‍ താഴെയല്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഏതൊരു ഉദ്യോഗസ്ഥനെയോ എന്നാക്കുന്നതാണ് ഒരു ഭേദഗതി. ഈ അധികാരികള്‍ക്കു ലഭിക്കുന്ന ഏതെങ്കിലും അപേക്ഷ ദുരുദ്ദേശ്യപരമോ ശല്യമുണ്ടാക്കുന്നതോ ആയി ബോധ്യപ്പെട്ടാല്‍ അപേക്ഷകന്‍ കൊടുക്കേണ്ട പിഴ 50 രൂപയില്‍ നിന്ന് ആയിരം ആക്കുന്നതാണ് മറ്റൊരു ഭേദഗതി.
വ്യാവസായിക തര്‍ക്കങ്ങള്‍ (ഭേദഗതി) ബില്ലും ഇന്നലെ സഭയുടെ പരിഗണനയ്ക്കു വന്നു. ഇതില്‍ തൊഴിലാളിയെ നിര്‍വചിക്കുന്ന കൂട്ടത്തില്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഏതെങ്കിലും പ്രവൃത്തി എന്നുകൂടി ചേര്‍ക്കുന്നതാണ് ഭേദഗതി. ചര്‍ച്ചയ്ക്കു ശേഷം മൂന്നു ബില്ലുകളും സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."