'ഗ്രാമസ്വരാജ് അഭിയാന്‍' കാംപയ്ന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
പാലക്കാട്: ഗ്രാമ സ്വരാജ് അഭിയാന്‍ കാംപയിന്റെ ഭാഗമായി ആജീവിക ഏവം കൗശല്‍ വികാസ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ല മിഷന്‍സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ വിദ്യാര്‍ഥികളുടെ കോണ്‍വക്കേഷന്‍ നടന്നു. പാലക്കാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 104 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അതിനു മുന്നോടിയായി നാലു പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള 350 ഓളം ഡി.ഡി.യു.ജി.കെ.വൈ വിദ്യാര്‍ഥികള്‍ അണിനിരന്ന വാക്കത്തോണ്‍ ശ്രദ്ധേയമായി. കുട്ടികള്‍ ഫഌഷ് മോബ് നടത്തി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച വാക്കത്തോണ്‍ ടൗണ്‍ ഹാളില്‍ അവസാനിച്ചു. മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ശശികുമാര്‍ വാക്കത്തോണ്‍ ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന ടൗണ്‍ ഹാളില്‍ നടന്ന കോണ്‍വക്കേഷനും പൂര്‍വവിദ്യാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്തു.
പാലക്കാട് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സൈതലവി, ജില്ലാ ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ പി.സി ബാലഗോപാലന്‍, കുടുംബശ്രീ എ.ഡി.എം.സിമാരായ എം. ദിനേശ്, ഹാരിഫ ബീഗം പങ്കെടുത്തു. 15 പൂര്‍വവിദ്യാര്‍ഥികള്‍ ഡി.ഡി.യു.ജി.കെ.വൈ പരിശീലനത്തെ കുറിച്ചും അതിലൂടെ ലഭിച്ച തൊഴിലിനെ കുറിച്ചും അനുഭവങ്ങള്‍ പങ്കുവച്ചു.
ഗ്രാമസ്വരാജ് അഭിയാന്‍ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര പരീക്ഷകളില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ആജീവിക ഏവം കൗശല്‍ വികാസ് ദിനാചരണത്തോടനുബന്ധിച്ച് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഹാളില്‍ വച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസും ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തകളും സംഘടിപ്പിച്ചു. ചന്തകളില്‍ നാടന്‍ പച്ചക്കറികളും കുടുംബശ്രീ ഉത്പന്നങ്ങളും ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."