റാഗിങ്ങിനിരയായ പെണ്‍കുട്ടിയെ വനിതാ കമ്മിഷന് അംഗം സന്ദര്‍ശിച്ചു
കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്ഖമാര് നഴ്സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സംസ്ഥാന വനിതാ കമ്മിഷന് അംഗം അഡ്വ. നൂര്‍ബിനാ റഷീദ് സന്ദര്‍ശിച്ചു. സംഭവത്തില്‍ സ്ഥാപനത്തിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു.
2009ലെ സുപ്രിംകോടതി വിധിയും യു.ജി.സി മാര്‍ഗ നിര്‍ദേശവുമനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് കമ്മിറ്റിയും ആന്റി റാഗിങ് സ്ക്വാഡും നിര്‍ബന്ധമാണെങ്കിലും അല്ഖമാര് നഴ്സിങ് കോളജ് ഇവ പാലിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യാന്‍ നിയമമുണ്ട്. മാത്രമല്ല മെയ് ഒന്‍പതിന് നടന്ന സംഭവം സ്ഥാപനം പുറത്തറിയിക്കുകയോ, ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ കര്‍ണാടകയിലെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചത് തടയുകയോ ചെയ്തില്ല.
റാഗിങ്ങിനിരയായ വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും എസ്.സി.എസ്.ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്ത് കര്‍ണാടക പൊലിസിന് കൈമാറിയിട്ടുണ്ട്. കേസ് മോണിറ്റര്‍ ചെയ്യാമെന്ന് കര്‍ണാടക വനിതാ കമ്മിഷന് ചെയര്പേഴ്സന് വാക്കാല്‍ ഉറപ്പുനല്‍കിയതായും നൂര്‍ബിനാ റഷീദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."