2016 സിറിയന്‍ കുട്ടികള്‍ക്ക് ദുരന്ത വര്‍ഷമെന്ന് യുനിസെഫ്
ന്യൂയോര്‍ക്ക്:2016 ല്‍ സിറിയന്‍ കുട്ടികള്‍ക്ക് ഗുരുതരമായ അക്രമങ്ങള്‍ നേരിടേണ്ടി വന്നതായി യുനിസെഫ്. 652 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 255 കുട്ടികള്‍ കൊല്ലപ്പെട്ടത് സ്‌കൂളിന് നേരെയുള്ള ആക്രമണങ്ങളിലാണ്. കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ 2015 നേക്കാള്‍ 20ശതമാനം കൂടുതലാണ്. പ്രാരംഭ കണക്കുകളാണിതെന്നും യഥാര്‍ഥ സംഖ്യ കൂടുമെന്നും യുനിസെഫ് വ്യക്തമാക്കി. 850 ലേറെ കുട്ടികള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരെ യുദ്ധമുഖത്ത് ചാവേറുകളായും മനുഷ്യമതിലുകളായും ഉപയോഗിച്ചു.
52 ലക്ഷം കുട്ടികളാണ് സിറിയയില്‍ ഉള്ളത്. ഇതില്‍ 28 ലക്ഷം കുട്ടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയുകയാണ്. മൂന്നുലക്ഷം കുട്ടികള്‍ ജീവിതത്തിന്റെ സങ്കീര്‍ണ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 23 ലക്ഷം കുട്ടികള്‍ രാജ്യത്തുനിന്ന് പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിഭയാനകമായ കാര്യങ്ങളാണ് കുട്ടികള്‍ അനുഭവിക്കുന്നതെന്ന് യുനിസെഫ് റീജ്യനല്‍ ഡയരക്ടര്‍ ഗീര്‍ത് കപല്ലര്‍ പറഞ്ഞു.
ആറ് വര്‍ഷം മുന്‍പാണ് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരേ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 3,20,000 ജനങ്ങള്‍ കൊല്ലപ്പെട്ടതായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."