മണ്ണൊലിപ്പും വൃഷ്ടിപ്രദേശത്തെ നിര്‍മാണങ്ങളും കാരാപ്പുഴയുടെ നിലനില്‍പിനെ ബാധിക്കുന്നു
കല്‍പ്പറ്റ: കാരാപ്പുഴ അണയുടെ ജലസംഭരണശേഷി രണ്ടു മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞു. അണയുടെ അടിത്തട്ടില്‍ മണ്ണ് അടിഞ്ഞതാണ് ജലസംഭരണശേഷി 76.50 മില്ല്യണ്‍ ക്യുബിക് മീറ്ററായിരുന്നത് 74.50 മില്യണ്‍ ക്യുബിക് മീറ്ററായി കുറയുന്നതിനു കാരണമായത്. പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള (കെ.ഇ.ആര്‍.ഐ) വിദഗ്ധസംഘം അടുത്തിടെ നടത്തിയ പഠനത്തിലാണ് മണ്ണൊലിപ്പിന്റെ രൂക്ഷത വ്യക്തമായത്.
അണയില്‍ അടിഞ്ഞുകുടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നും വൃഷ്ടിപ്രദേശത്തെ മണ്ണൊലിപ്പിനു തടയിടുന്നതിനു കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് കെ.ഇ.ആര്‍.ഐ ശുപാര്‍ശ. വയനാട്ടിലെ രണ്ടു വന്‍കിട അണക്കെട്ടുകളില്‍ ഒന്നാണ് കാരാപ്പുഴയിലേത്. പടിഞ്ഞാറത്തറയ്ക്ക് സമീപമുള്ള ബാണാസുരസാഗര്‍ അണയാണ് രണ്ടാമത്തേത്.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്തതാണ് കാരാപ്പുഴ പദ്ധതി. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 625 മീറ്റര്‍ നീളവും 28 മീറ്റര്‍ ഉയരവുമാണ് ഈ അണയ്ക്ക്. 1978ലാണ് കാരാപ്പുഴ ജലസേചന പദ്ധതിക്ക് പ്ലാനിങ് കമ്മിഷന്റെയും സര്‍ക്കാരിന്റെയും ഭരണാനുമതി ലഭിച്ചത്. 1978ല്‍ 7.60 കോടി രൂപ മതിപ്പുചെലവിലായിരുന്നു പ്രവൃത്തിയുടെ തുടക്കം. ഇതിനകം ഏകദേശം 600 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി പ്രവൃത്തി പൂര്‍ത്തിയായില്ല. അണയിലെ ജലം തികച്ച് 10 ഏക്കറില്‍ പോലും ജലസേചനത്തിനു ഉപയോഗപ്പെടുത്താനായില്ല. വെറുതെ കിടക്കുകയാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിര്‍മിച്ച കനാലുകള്‍.
പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലിന് 16.74 കിലോമീറ്ററും വലതുകര കനാലിന് 8.805 കിലോമീറ്ററുമാണ് നീളം. മെയിന്‍ കനാലുകള്‍ വെള്ളം തുറന്നുവിട്ടാല്‍ പലേടത്തും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.
ഉപകനാലുകളുടെ സ്ഥിതിയും വിഭിന്നമല്ല. കാരാപ്പുഴ അണയിലെ വെള്ളം കൃഷിക്ക് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യംതന്നെ ജലവിഭവ വകുപ്പ് കൈവിട്ട മട്ടാണ്. അണയും സമീപപ്രദേശങ്ങളും വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പരിപാടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനാണ് കാരാപ്പുഴയിലെ ടൂറിസം പ്രവൃത്തികളുടെ ചുമതല.
കാരാപ്പുഴ അണയാണ് കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി കേന്ദ്രസഹായത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്. അണയിലെ ജലം മുട്ടില്‍, മേപ്പാടി, അമ്പലവയല്‍ പഞ്ചായത്തുകളില്‍ കുടിനീരായി ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ജലവിഭവ വകുപ്പിന്റെ പരിഗണനയിലുണ്ട്.
കാരാപ്പുഴ പദ്ധതിക്കായി 1365 ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തത്.
പദ്ധതി പ്രദേശത്തുനിന്നു 161 ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുയുമുണ്ടായി. അണയ്ക്കടുത്തുള്ള പ്രദേശങ്ങള്‍ കൈയേറി സ്വകാര്യ വ്യക്തികള്‍ നടത്തിയ കൃഷിയും നിര്‍മാണങ്ങളുമാണ് ശക്തമായ മണ്ണൊലിപ്പിനു ഹേതുവായത്.
പദ്ധതി പ്രദേശത്ത് നത്തംകുനി, മാമലക്കുന്ന്, പുറ്റാട്, മുരണിവയല്‍, ചെറുവറ്റ, പാക്കം എന്നിവിടങ്ങളിലാണ് ഭൂമി കൈയേറ്റവും കൃഷിയും വ്യാപകമായിരുന്നത്. ചരിവുള്ള ഈ പ്രദേശങ്ങളില്‍ മണ്ണുമാന്തി ഉപയോഗിച്ച് നിലമൊരുക്കിയാണ് കപ്പ, വാഴ, ഇഞ്ചി കൃഷികള്‍ നടത്തിയിരുന്നത്. ഇത് മഴക്കാലങ്ങളില്‍ അണയിലേക്ക് ശക്തമായി മണ്ണൊലിക്കുന്നതിനു കാരണമായി. കാരാപ്പുഴയെ കര്‍ണാടകയിലെ വൃന്ദാവന്‍ മാതൃകയില്‍ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതോടെ പ്രദേശത്ത് റിസോര്‍ട്ടുകളും കൂണ്‍പോലെ മുളയ്ക്കുകയാണ്. 62 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്ത് വിവിധ നിര്‍മാണങ്ങള്‍ക്കായി നടത്തുന്ന മണ്ണുനീക്കലും അണയുടെ ഭാവിയെ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."