കാലവര്‍ഷം ശക്തമായില്ല; ജില്ലയിലെ കര്‍ഷകര്‍ ആശങ്കയില്‍
സുല്‍ത്താന്‍ ബത്തേരി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകാത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയില്‍. ജില്ലയിലെ നെല്ല്, കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ കൃഷിചെയ്യുന്നവരാണ് മഴ ശക്തി പ്രാപിക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ 20വരെ ജില്ലയില്‍ 96.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 160.2 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. കൃത്യസമയത്ത് മഴ ആവശ്യത്തിന് ലഭിക്കാത്തത് നെല്‍ക്കര്‍ഷകരെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
ഈ സമയത്ത് ജില്ലയില്‍ ശരാശരി 270 മില്ലിമീറ്റര്‍ മുതല്‍ 300 മില്ലീമീറ്റര്‍ മഴവരെയാണ് ലഭിക്കാറ്. ഈവര്‍ഷം വേനല്മഴയടക്കം ജനുവരി ഒന്നുമുതല്‍ 392.6 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 462.2 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍മ്പുവരെ ഇരിപ്പുകൃഷിയാണ് കര്‍ഷകര്‍ ചെയ്തിരുന്നത്. എന്നാല്‍ വന്യമൃഗശല്യം വര്‍ധിച്ചതോടെ ഒറ്റത്തവണ നെല്‍കൃഷിയിലേക്ക് കര്‍ഷകര്‍ ചുരുങ്ങുകയായിരുന്നു. ഇത്തവണ മഴ കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ ഭൂമി തരിശിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
മഴ കുറയുന്നത് കുരുമുളക് കൃഷിയേയും പ്രതികൂലമായി ബാധിക്കും. കരുമുളക് തിരിയില്‍ മണികള്‍ പിടിക്കുന്നത് തെക്ക് പടിഞ്ഞാറന്‍ മഴയിലൂടെയുള്ള പരാഗണം വഴിയാണ്. ഇത്തവണ മഴ ശക്തമാകാത്തത് ജില്ലയിലെ കുരുമുളക് കര്‍ഷകരെ സാരമായി തന്നെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മഴ ലഭിക്കാത്തതിനാല്‍ ഇഞ്ചിയ്ക്ക് വളം ഇടാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇഞ്ചി കര്‍ഷകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."