പൂവ്വമ്പായി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം: മൂന്നു ദിവസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കും- മാനേജര്‍
കിനാലൂര്‍: പൂവ്വമ്പായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാലപ്പഴക്കം കാരണം ചിതലരിച്ച കെട്ടിടത്തിന്റെ പ്രവൃത്തി നാളെ മുതല്‍ ആരംഭിക്കുമെന്ന് മാനേജര്‍ പറഞ്ഞു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങള്‍ക്കും മൂന്നു ദിവസത്തിനകം പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരത്തോട് പ്രതികരിക്കുന്നില്ലെന്നും സമരം ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ഹെഡ്മിസ്ട്രസ് മുഖാന്തിരം അറിയിച്ചതാണെന്നും മാനേജര്‍ വ്യക്തമാക്കി.
അതേസമയം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പി.ടി.എ പ്രസിഡന്റ് പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലുള്ള കെട്ടിടം പുനര്‍നിര്‍മിക്കണമെന്നും സര്‍ക്കാര്‍ നിയമപ്രകാരമുള്ള പാചകപ്പുരയും മൂത്രപ്പുരയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷിതാക്കളുടെ ആശങ്കയകറ്റി സുരക്ഷിതമായ ബില്‍ഡിങ്ങില്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കാനും സ്‌കൂള്‍ പരിസരം മാലിന്യമുക്തമാക്കാനും പി.ടി.എ പ്രസിഡന്റ് നിര്‍ദേശം നല്‍കി.
അധ്യാപകരുടെയും കുട്ടികളുടെയും ജീവന് ഭീഷണിയായി നില്‍ക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് നിരവധി തവണ മാനേജരോട് ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാല്‍ മാനേജര്‍ ഇതു ഗൗരവത്തില്‍ കണ്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
പാതി തകര്‍ന്ന കെട്ടിടവും പാചകപ്പുര ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണ പ്രവൃത്തിയും ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നടത്തുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
സ്‌കൂളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉന്നയിക്കുന്ന തരത്തിലുള്ള ഒരുപ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും മറ്റെന്തോ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ഹെഡ്മിസ്ട്രസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."