സെമിക്കരികില്‍ ഹൈദരാബാദ്
ഹൈദരാബാദ്: മികച്ച ബൗളിങിലൂടെ സ്കോര്‍ പ്രതിരോധിച്ച് വിജയം സ്വന്തമാക്കി വീണ്ടും സണ്‍റൈസേഴ്സ് ഹൈദരാബാദ്. അഞ്ച് റണ്‍സിന് അവര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കീഴടക്കി.
സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ ഹൈദരാബാദിനെ 146 റണ്‍സില്‍ പുറത്താക്കി ബാംഗ്ലൂര്‍ മികവ് പുലര്‍ത്തിയെങ്കിലും ബാറ്റിങ് നിരയുടെ ഭാവനാശൂന്യമായ പ്രകടനം അവര്‍ക്ക് വിനയായി. ബാംഗ്ലൂരിന്റെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റിന് 141 റണ്‍സില്‍ അവസാനിച്ചു.
വിരാട് കോഹ്ലി 39 റണ്‍സെടുത്തു. കോളിന് ഡി ഗ്രാന്‍ഡ്ഹോം (33), മന്ദീപ് സിങ് (21) എന്നിവര്‍ പൊരുതിയെങ്കിലും അന്തിമ വിജയം സ്വന്തമാക്കാനായില്ല. ജയത്തോടെ ഹൈദരാബാദ് സെമിയിലേക്ക് കൂടുതല്‍ അടുത്തു.
ടോസ് നേടി ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ഹൈദരാബാദ് ബാറ്റിങ് നിര റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി.
ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന് (56), ഓള് റൗണ്ടര്‍ ഷാകിബ് അല്‍ ഹസന് (32 പന്തില്‍ 35 റണ്‍സ്) എന്നിവരൊഴികെ മറ്റൊരു താരവും അവസരത്തിനൊത്തുയര്‍ന്നില്ല. വില്ല്യംസന് 39 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതമാണ് അര്‍ധ ശതകം സ്വന്തമാക്കിയത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍മാരായ ടിം സൗത്തിയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഹൈദരാബാദിനെ കുഴക്കിയത്. സൗത്തി നാലോവറില്‍ 30 റണ്‍സും സിറാജ് നാലോവറില്‍ 25 റണ്‍സുമാണ് വഴങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."