സണ്ണി തോമസ് അടക്കമുള്ള ഭാരവാഹികള്‍ക്കെതിരേ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്
തൃശൂര്‍: വ്യാജ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഴിമതി നടത്തിയെന്ന പരാതിയില്‍ ദ്രോണാചാര്യ ജേതാവ് സണ്ണി തോമസ് അടക്കം റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജൂണ്‍ ആറിനകം വിജിലന്‍സ് ഡിവൈ.എസ്.പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റനീഷ് ഡാനിയല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
റൈഫിള്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍ ജോണ്‍ റാഫല്‍, സെക്രട്ടറി വി.സി ജെയിംസ്, മുന്‍വൈസ് പ്രസിഡന്റ് ദേവസ്യ കുര്യന്‍, മുന്‍ സെക്രട്ടറി ജോ ഐ മങ്കളി, മുന്‍ വൈസ് പ്രസിഡന്റ് സണ്ണി തോമസ്, ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ജോസ് ജോസഫ് എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
2015ല്‍ കൊല്ലം റൈഫിള്‍ അസോസിയേഷന്റെ പ്രതിനിധിയായ അഡ്വ. ടി സജു ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഐ.ജിക്ക് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയിരുന്നു. നാല് ജില്ലകളിലെ റൈഫിള്‍ അസോസിയേഷനുകളില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
അഴിമതിക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസനു കത്തയിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ മാതൃകയില്‍ കേരളത്തിലും അഴിമതി നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
വ്യാജനിയമാവലി അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചാണ് ഷൂട്ടിങ് അസോസിയേഷന്‍ 2008ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അഫിലിയേഷന്‍ നേടിയെടുത്തതെന്ന് ഹരജിയിലുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനിച്ചും അഫിലിയേഷന്‍ നേടിയെന്നും പരാതിയില്‍ ആരോപിക്കുന്നു. 2008 മുതല്‍ 2016 വരെയുള്ള കാലയളവില്‍ അസോസിയേഷന്റെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റിങിനു വിധേയമായിട്ടില്ല. ആരോപണ വിധേയരായവര്‍ കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായും പരാതിയിലുണ്ട്.
ദേശീയ ഗെയിംസിനായി തിരുവനന്തപുരത്തും തൃശൂരിലും ഷൂട്ടിങ് റേഞ്ചുകള്‍ നിര്‍മിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഷൂട്ടിങ് ഒഴിവാക്കിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ കായികപട്ടിക ഇറക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."