ജലനിധിയുടെ ഗാര്‍ഹിക ശൗചാലയ പദ്ധതി പാളുന്നു
മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് മിഷന് പദ്ധതി പ്രകാരം ജലനിധി നടപ്പിലാക്കുന്ന ഗാര്‍ഹിക ശൗചാലയ പദ്ധതി പാളുന്നു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി ഒക്ടോബര്‍ രണ്ടിനകം പദ്ധതി നടപ്പിലാക്കി പ്രഖ്യാപനം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ജില്ലയില്‍ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, നൂല്‍പ്പുഴ, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പളളി, പൊഴുതന, കോട്ടത്തറ, പനമരം എന്നീ 11 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമസഭകള്‍ അംഗീകരിക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് 15400 രൂപയാണ് നല്‍കുക. ലോക ബാങ്കിന്റെ ധനസഹായത്തോടെ കേന്ദ്ര സര്‍ക്കാറാണ് ഫണ്ട് നല്‍കുന്നത്. ജൂലായ് 31നകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപനം നടത്താനാണ് ജലനിധി അധികൃതര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് ലിസ്റ്റ് തയ്യാറാക്കി ജലനിധിക്ക് കൈമാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഗ്രാമസഭാ ലിസ്റ്റുകള്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതികളുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. ഇത്രയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം കക്കൂസ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പോലും കഴിയില്ല. ഇതോടെ നടപടി ക്രമങ്ങളുടെ നൂലാമാലയില്‍ ഗാര്‍ഹിക ശൗചാലയ പദ്ധതിയും പാളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."