വൈകല്യം തെളിയിക്കാന്‍ ബാദുഷയും ഉമ്മയും ഇനിയെത്ര ഓഫിസുകള്‍ കയറണം ?
കാസര്‍കോട്: വൈകല്യം തെളിയിച്ച് സര്‍ക്കാരുകളില്‍നിന്ന് ചെറിയ സഹായമെങ്കിലും നേടിയെടുക്കാനുള്ള ഒരു ഉമ്മയുടെയും മകന്റെയും അലച്ചിലിന് ഇന്നലത്തെ ജനസമ്പര്‍ക്കത്തിലും അവസാനമുണ്ടായില്ല. ജന്മനാ ഒരു ചെവിയില്ലാത്ത, മറുചെവി ചെറുതായി മാത്രം കേള്‍ക്കുന്ന മകന്‍ ഇബ്രാഹിം ബാദുഷയെയും ചേര്‍ത്തുപിടിച്ച് ഇന്നലെ കലക്ടറേറ്റിലെ ജനസമ്പര്‍ക്ക വേദിയില്‍നിന്നിറങ്ങുമ്പോഴും ബാദുഷയുടെ ഉമ്മ ഫരീദ ചോദിച്ചു: '' ഈ മകന്റെ വൈകല്യം സര്‍ക്കാരിനുമുന്നില്‍ തെളിയിക്കാന്‍ ഇനിയെത്ര ഓഫിസുകള്‍ കയറണം..?''
ഇന്നലെ കലക്ടര്‍ കെ. ജീവന്‍ബാബു നടത്തിയ പൊതുജന സമ്പര്‍ക്കത്തില്‍ ജന്മനാബധിരനായ മകന് പെന്‍ഷനോ മറ്റ് ആനുകൂല്യമോ ലഭിക്കുമോയെന്നറിയാനാണ് ഉമ്മ അവനെയും കൂട്ടിയെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വില്ലേജ് ഓഫിസില്‍ വീണ്ടും അപേക്ഷ നല്‍കാനാണു കിട്ടിയ മറുപടി. വര്‍ഷങ്ങളായുള്ള അലച്ചില്‍ ഇനിയും തുടരാമെന്ന് പറഞ്ഞാണ് ആ ഉമ്മയും മകനും ജനസമ്പര്‍ക്ക വേദി വിട്ടത്.
നടുവേദനമൂലം സ്ഥിരമായി ജോലി ചെയ്യാനാകാത്ത ആലംപാടിയിലെ അബ്ദുല്ലയുടെയും ഫരീദയുടെയും മൂന്നാമത്തെ മകനാണ് ഇബ്രാഹിം ബാദുഷ. ജന്മനാ തന്നെ ഇടതുചെവിയില്ലാത്ത ബാദുഷക്ക് ആ ചെവിയുടെ സ്ഥാനത്തുള്ള ചെറിയ ദ്വാരത്തിലൂടെ കേള്‍ക്കുന്നുണ്ടെന്ന ഡോക്ടര്‍മാരുടെ വാദംമൂലം ഇതുവരെ വികലാംഗ പട്ടികയിലും ഉള്‍പ്പെട്ടില്ല. ചെവി അടഞ്ഞതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളുടെ സ്ഥിരചികിത്സക്കുള്ള സഹായമെങ്കിലും ലഭിച്ചാല്‍ മതിയെന്നാണ് ബാദുഷയുമായി ഓഫിസുകള്‍ കയറിയിറങ്ങുന്ന ഉമ്മ ഫരീദയുടെ സ്വപ്നം.
നേരത്തെ മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വില്ലേജ് ഓഫിസ്‌വഴി 5,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ അതും സാങ്കേതിക കുരുക്കില്‍പെട്ട് കിടക്കുകയാണെന്നും ഫരീദ പറയുന്നു. ആലംപാടി ഗവ. ഹൈസ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന ഇബ്രാഹിം ബാദുഷക്ക് അലര്‍ജിയുടെ അസുഖവുമുണ്ട്. രോഗിയായ ഭര്‍ത്താവും മകനും മറ്റു മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ ഫരീദയുടെ ചുമലിലാണ്. ഇപ്പോള്‍ ഇവര്‍ക്ക് നിര്‍ത്താത്ത തലവേദനയും തുടങ്ങിയിട്ടുണ്ട്.
ഇന്നലെ മകന്റെ വൈകല്യം തെളിയിച്ച് അവന്റെ ചികിത്സക്കുള്ള സഹായമെങ്കിലും ലഭിക്കുമെന്ന ആഗ്രഹത്തിലാണ് ഫരീദയും മകനുമെത്തിയത്. വീണ്ടും വില്ലേജ് ഓഫിസില്‍ പോകണമെന്ന നിര്‍ദേശം അനുസരിക്കാനാണ് അവരുടെ തീരുമാനം. ബാദുഷയുമായി ഇനിയെത്ര ഓഫിസുകള്‍ കയറിയിറങ്ങണമെന്ന ആ ഉമ്മയുടെ ദയനീയചോദ്യം എന്നാകും അധികൃതരുടെ ചെവികളില്‍ പതിയുക...?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."