സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായി
തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനുശേഷം വന്ന പരിഷ്‌കാരങ്ങളും ഇ-പോസ് മെഷിന്‍ സ്ഥാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായി.
ഒന്‍പത് ജില്ലകളിലാണ് ഇപ്പോള്‍ ഇ- പോസ് മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ റേഷന്‍ വ്യാപാരികള്‍ സ്‌റ്റോക്കെടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലും സമാനമായ അവസ്ഥയാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ ഈ മാസം മുതല്‍ സ്റ്റോക്കെടുക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാക്കിയുള്ള അഞ്ച് ജില്ലകളില്‍കൂടി ഇ-പോസ് മെഷിന്‍ സ്ഥാപിച്ച് ഈ മാസം 15ന് സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോഴത്തെ രീതിയില്‍ പരിഷ്‌കാരം നടപ്പാക്കിയാല്‍ റേഷന്‍ വിതരണം പൂര്‍ണമായും നിലയ്ക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഇ-പോസ് മെഷിന്‍ സ്ഥാപിച്ച ജില്ലകളില്‍ റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സെര്‍വറുകളുടെ ശേഷിക്കുറവ് കാരണം ഒരാള്‍ക്ക് റേഷന്‍ നല്‍കാന്‍ അരമണിക്കൂറോളം വേണ്ടിവരുന്നതായി റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നു.
ബാക്കിയുള്ള അഞ്ച് ജില്ലകളിലെ റേഷന്‍ കടകളില്‍കൂടി ഇ-പോസ് മെഷിന്‍ സ്ഥാപിക്കുന്നതോടെ സെര്‍വറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയും റേഷന്‍ വിതരണം സാധ്യമാകാതിരിക്കുകയും ചെയ്യും.
സെര്‍വറുകളുടെ ശേഷി വര്‍ധിപ്പിച്ച് റേഷന്‍ വിതരണം ഇ-പോസ് മെഷിന്‍ ഉപയോഗിച്ച് സുഗമമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും ഇതിനുള്ള നടപടികളില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."