'സമക്ഷം 2017' കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി 2,656 അപേക്ഷകള്‍ തീര്‍പ്പാക്കി
കാസര്‍കോട്: കലക്ടര്‍ കെ. ജീവന്‍ബാബു കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമായി നടത്തിയ രണ്ട് ജനസമ്പര്‍ക്ക പരിപാടികളിലുമായി പരിഗണിച്ചത് 5,092 അപേക്ഷകള്‍. രണ്ടു ജനസമ്പര്ക്കത്തിലുമായി 2,656 അപേക്ഷകള്‍ തീര്‍പ്പാക്കി.
ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 'സമക്ഷം 2017'ല്‍ 1,347 പുതിയവ ഉള്‍പ്പെടെ ആകെ 2,309 അപേക്ഷകള്‍ ലഭിച്ചു. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ അപേക്ഷകരാണു ജനസമ്പര്‍ക്ക പരിപാടി രണ്ടാംഘട്ടത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലും താലൂക്കുകളിലും ഓണ്‍ലൈനായി ലഭിച്ച 962 അപേക്ഷകള്‍ക്കു പുറമെയാണു പുതിയ അപേക്ഷ കലക്ടര്‍ സ്വീകരിച്ചത്.
ഇതില്‍ 1,065 പേര് കലക്ടറെ നേരില്‍കണ്ട് അപേക്ഷ നല്കി. 265 പേര് വകുപ്പ് കൗണ്ടറുകളിലും അപേക്ഷ നല്കി. ഫെബ്രുവരി 10 മുതല്‍ 20 വരെ ഓണ്‍ലൈനായി ലഭിച്ച മുഴുവന്‍ അപേക്ഷകളിലും കലക്ടര്‍ തീര്‍പ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ കൗണ്ടറുകളില്‍നിന്ന് അപേക്ഷകള്‍ക്കുള്ള മറുപടി കൈപ്പറ്റിയവരില്‍ തൃപ്തിയില്ലാത്തവരാണ് കലക്ടറെ കണ്ടത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 'സമക്ഷം 2017'ല്‍ 19 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു രണ്ടുലക്ഷം രൂപ വിതരണം ചെയ്തു. ഭൂമി, വീട്, ചികിത്സാ ധനസഹായം, വായ്പ എഴുതിത്തള്ളല്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്പ്പെടുത്തല്, പട്ടയം തുടങ്ങിയ അപേക്ഷകളാണു ലഭിച്ചവയില്‍ ഭൂരിഭാഗവും. പുതിയ പരാതികളില്‍ ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്നവ അതാത് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കി.
കലക്ടര്‍ കെ. ജീവന്ബാബുവിനൊപ്പം എ.ഡി.എം കെ. അംബുജാക്ഷന്, ആര്.ഡി.ഒ ഡോ. പി.കെ ജയശ്രീ, ജനസമ്പര്‍ക്ക പരിപാടി നോഡല്‍ ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) എച്ച്. ദിനേശന്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ആര് രവീന്ദ്രന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.പി ദിനേശ്കുമാര്‍, കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന് വൈക്കത്ത്, മഞ്ചേശ്വരം തഹസില്‍ദാര്‍ വി. സൂര്യനാരായണന്, ഡിവൈ.എസ്.പി ബി. ഹരിശ്ചന്ദ്ര നായിക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്, ലീഡ് ബാങ്ക് മാനേജര്‍ സി.എസ് രമണന്, കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ പി.കെ ശോഭ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."