തളിപ്പറമ്പ് താലൂക്ക് അവലോകന യോഗം പൊതുകുടിവെള്ള ശ്രോതസുകള്‍ മലിനമയമെന്ന് കലക്ടര്‍
തളിപ്പറമ്പ്: പൊതുകുടിവെള്ള ശ്രോതസുകള്‍ മലിനമയമാണെന്ന് കലക്ടര്‍ മിര്‍ മുഹമ്മദലി. പരിശോധന നടത്തിയ പൊതുകിണറുകളിലെ വെള്ളത്തില്‍ കൂടിയ അളവില്‍ കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് താലൂക്ക് സെമിനാര്‍ഹാളില്‍ കുടിവെള്ള വിതരണത്തേക്കുറിച്ചുള്ള താലൂക്ക്തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
വെള്ളാട് വില്ലേജില്‍ 1100 പ്ലസ് കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയ കിണറില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു. കിണറുകളില്‍ നിന്നു ശേഖരിക്കുന്ന ശുദ്ധജലം എട്ട് മിനുട്ട് തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് കലക്ടര്‍ പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ഒരുദിവസം 25,000 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നതിന് 3400 മുതല്‍ 4400 രൂപ വരെ ലോറി ഉടമകള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഇത്തവണ കിലോമീറ്റര്‍ നിരക്കായതോടെ മിക്ക പഞ്ചായത്തിലും ലോറി ഉടമകള്‍ ക്വട്ടേഷന്‍ നല്‍കാന്‍ തയാറായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു.
ഒരു വാര്‍ഡില്‍ ഒരു വാട്ടര്‍ കിയോസ്‌ക് മാത്രം സ്ഥാപിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള കുടിവെള്ള ശ്രോതസുകളും പുതുതായി കണ്ടെത്തിയവയും പരമാവധി ഉപയോഗപ്പെടുത്താനും യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. നിലവില്‍ ജില്ലയില്‍ 555 കുഴല്‍കിണറുകള്‍ കേടായി കിടക്കുന്നുണ്ടെന്നും ഇതില്‍ ഇരുന്നൂറോളം കിണറുകള്‍ നന്നാക്കിക്കഴിഞ്ഞെന്നും ബാക്കിയുള്ളവ അടിയന്തിരമായി നന്നാക്കുമെന്നും കലക്ടര്‍ അറിയിച്ചു. തളിപ്പറമ്പ് ദേശീയപാതയോരത്തെ കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ പഴയ കിണര്‍ ശുചീകരിച്ച് റവന്യു കുടിവെള്ള പദ്ധതിക്ക് ഉപയോഗപ്പെടുത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ വി.പി നാദിര്‍ഷാന്‍, അഡീ. തഹസില്‍ദാര്‍ കെ സുജാത, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ മാനസന്‍, കെ.ആര്‍ ചന്ദ്രശേഖരന്‍, ജൂനിയര്‍ സൂപ്രണ്ട് ലതാദേവി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."