ആസിമിനും പഠിക്കണം: വെളിമണ്ണ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: രണ്ടു കൈകളും ഇല്ലാതെ ജനിച്ച മുഹമ്മദ് ആസിമിന്റെയും നിര്‍ധനരായ പട്ടിക വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെയും പഠനം തടസപ്പെടാതിരിക്കാനായി ഓമശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്‌കൂളില്‍ ഇക്കൊല്ലം തന്നെ എട്ടാം ക്ലാസ് കൂടി ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആസിമിന്റെത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവ് നല്‍കിയത്.
മനുഷ്യാവകാശ ഫൗണ്ടേഷന്‍ അട്ടപ്പാടിയിലെ അഗളിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പി.മോഹനദാസിന് മുഹമ്മദ് ആസിം പിതാവ് ആലത്തുംകാവില്‍ സഈദിനൊപ്പം എത്തി ഇതുസംബന്ധിച്ച് ഹരജി നല്‍കിയത്. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമെന്ന ഭരണഘടനയിലെ ഇരുപത്തിയൊന്നാം വ്യവസ്ഥയുടെ ലംഘനമാണ് ആസിമിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
2015 ല്‍ ആസിം മുഖ്യമന്ത്രിക്ക് കാലുകള്‍ ഉപയോഗിച്ച് എഴുതി നല്‍കിയ ഹരജിയിലാണ് വെളിമണ്ണ എല്‍.പി സ്‌കൂള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ യു.പി സ്‌കൂളാക്കി ഉയര്‍ത്തിയത്. ഇപ്പോള്‍ ആസിം ഏഴാം ക്ലാസ്പൂര്‍ത്തിയാക്കി. ഇനി പഠിക്കണമെങ്കില്‍ മൂന്നു കിലോമീറ്ററോളം യാത്ര ചെയ്യണം.
നന്നായി പ്രസംഗിക്കുകയും കാലുകൊണ്ട് ചിത്രം വരയ്ക്കുകയും ചെയ്യുന്ന ആസിം പഠിക്കാന്‍ മിടുക്കനാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സ്‌കൂളിലെത്തിയാലും ആസിമിന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ മാതാപിതാക്കളുടെ സഹായം വേണം. സ്‌കൂള്‍ ദൂരെയാണെങ്കില്‍ അതിനുള്ള അവസരവും ഇല്ലാതാകും. ഇത്തവണയും മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആസിം.
സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധാരണ ഗതിയില്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാല്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണെന്നാണ് വിദ്യാഭ്യാസ ഓഫിസറുടെ ശുപാര്‍ശ. 1924ല്‍ സ്ഥാപിച്ച സ്‌കൂളില്‍ 441 കുട്ടികള്‍ പഠിക്കുന്നുണ്ട്. അഞ്ചു കിലോമീറ്റര്‍ പരിസരത്ത് മറ്റ് സ്‌കൂളുകളില്ല. പ്രദേശത്ത് പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന കോളനികളുണ്ട്.
മൂന്ന് കിലോമീറ്ററിനുള്ളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ സൗകര്യം വിദ്യാഭ്യാസവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് പറയുന്നു. മലമ്പ്രദേശങ്ങളില്‍ ആവശ്യാനുസരണം സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നു. 2018-19 വിദ്യാഭ്യാസ വര്‍ഷത്തില്‍ തന്നെ സ്‌കൂളില്‍ എട്ടാം ക്ലാസ് ആരംഭിക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റ് ക്ലാസുകള്‍ ആരംഭിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
വിദ്യാഭ്യാസ സെക്രട്ടറി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നും തനിക്ക് തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അസിം തന്നെ രംഗത്തു വന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് എത്തി നിവേദനവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."