കൊയിലാണ്ടിയില്‍ വൈദ്യുതി വിതരണ പ്രതിസന്ധി രൂക്ഷം
കൊയിലാണ്ടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ജനജീവിതം ദുരിതത്തിലാക്കുന്നു. കാലവര്‍ഷം ആരംഭിച്ചതോടെയാണു വൈദ്യുതി വിതരണം രാപ്പകല്‍ വ്യത്യാസമില്ലാതെ തകരാറിലായത്.
ലൈനിലെ അറ്റകുറ്റപ്പണികളുടെ പേരിലാണു വൈദ്യുതി മുടങ്ങുന്നതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പ്രതികരണം. എന്നാല്‍, ഉപഭോക്താക്കളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയില്‍ ദിവസേന നാലും അഞ്ചും തവണയാണു വൈദ്യുതി നിലയ്ക്കുന്നത്. എന്നും അതിരാവിലെ തുടങ്ങുന്ന വൈദ്യുതി മുടക്കം കാരണം വിദ്യാര്‍ഥികളും ജീവനക്കാരും വീട്ടമ്മമാരും കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. അതിരാവിലെ ഭക്ഷണം പാകംചെയ്യാനോ ജലസംഭരണികളില്‍ വെള്ളം നിറയ്ക്കാനോ കഴിയാതെ വീട്ടുകാര്‍ വലയുന്ന അവസ്ഥയാണുള്ളത്. അതിനുപുറമെ, നോമ്പുകാലം ആരംഭിച്ചതോടെ രാത്രികാലങ്ങളിലും പുലര്‍ച്ചെയുമുള്ള മതപരമായ ചടങ്ങുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വൈദ്യുതി മുടക്കം തടസമാകുന്നു.
കെ.എസ്.ഇ.ബി അധികൃതര്‍ മഴക്കാലത്തിനു മുന്‍പായി പൂര്‍ണമായും ചെയ്യേണ്ട ക്ലിയര്‍ ഫെല്ലിങ് നടപടികള്‍ മഴ ശക്തമായതോടെയാണ് ആരംഭിച്ചത്. അറ്റകുറ്റപ്പണികളുടെ പേരില്‍ ദിവസേന നാലും അഞ്ചും മണിക്കൂര്‍ വൈദ്യുതി നിലയ്ക്കുമെന്ന അറിയിപ്പു പോലും അധികൃതര്‍ ഉപഭോക്താക്കള്‍ക്കു മുന്‍കൂട്ടി നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്. നിശ്ചിത സമയത്തു വൈദ്യുതി പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിക്കുമെങ്കിലും വീണ്ടും മണിക്കൂറുകള്‍ കഴിഞ്ഞാണു വൈദ്യുതി വിതരണം ആരംഭിക്കുന്നത്.
നിലവിലെ സ്ഥിതിയില്‍ കൊയിലാണ്ടിയില്‍ വൈദ്യുതി വിതരണം സുഗമമാകണമെങ്കില്‍ പുതിയ സബ്‌സ്റ്റേഷന്‍ അത്യാവശ്യമായി വന്നിട്ടുണ്ട്. ഇതിനായി 50 സെന്റ് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ജനപ്രതിനിധികളോട് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. താലൂക്ക് ആശുപത്രി, നിരവധി ധനകാര്യ സ്ഥാപനങ്ങള്‍, മിനി സിവില്‍ സ്റ്റേഷന്‍, കോടതി സമുച്ചയം, ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് എന്നിവയെല്ലാം നിലനില്‍ക്കുന്ന കൊയിലാണ്ടി മേഖലയില്‍ നിരന്തരമുണ്ടാകുന്ന വൈദ്യുതി വിതരണ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."