അധികാരത്തില്‍ നാലാമൂഴം; റഷ്യയില്‍ പുടിന്‍ അധികാരമേറ്റു
മോസ്‌കോ: റഷ്യയില്‍ അധികാരം അരക്കിട്ടുറപ്പിച്ച് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇനി ആറുവര്‍ഷം കൂടി ലോകത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ അധിപനായി പുടിന്‍ വാഴും. അതേസമയം, പ്രധാനമന്ത്രിയായി വിശ്വസ്തനായ ദിമിത്രി മെദ്‌വെദേവിനെ വീണ്ടും തെരഞ്ഞെടുത്തു.
തലസ്ഥാനമായ മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ കൊട്ടാരത്തില്‍ നടന്ന രാജകീയ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയതിന്റെ 18-ാം വര്‍ഷം കൂടിയായിരുന്നു ഇത്.
മാര്‍ച്ച് 18നു നടന്ന തെരഞ്ഞെടുപ്പില്‍ അനായാസമാണ് പുടിന്‍ വിജയം സ്വന്തമാക്കിയത്. കാര്യമായ എതിരാളികളൊന്നും മത്സരരംഗത്തില്ലാതിരുന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനം വോട്ടു നേടിയായിരുന്നു പുടിന്റെ വിജയം. രണ്ടാമതായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പാവേല്‍ ഗ്രൂഡിനിന് 11.8 ശതമാനം വോട്ടാണു ലഭിച്ചത്.
1999 ഡിസംബര്‍ 31ന് ബോറിസ് യെല്‍സിന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് വ്‌ളാദ്മിര്‍ പുടിന്‍ റഷ്യയുടെ പ്രസിഡന്റായി അധികാരമേറ്റത്. 47-ാമത്തെ വയസിലായിരുന്നു ഇത്. തുടര്‍ന്ന് ഘട്ടംഘട്ടമായി അദ്ദേഹം രാജ്യത്തിന്റെ അധികാരം സ്വയം നിയന്ത്രണത്തിലാക്കുകയായിരുന്നു. 2008 വരെ തുടര്‍ച്ചയായി അദ്ദേഹം രാജ്യം ഭരിച്ചു. 2008ല്‍ ഭരണഘടനാപരമായ കാലാവധി അവസാനിച്ചതോടെ ദിമിത്രി മെദ്‌വെദേവിനെ സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. അദ്ദേഹം പ്രധാനമന്ത്രിയാകുകയും ചെയ്തു. പിന്നീട് 2012ല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും പുടിന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."