ജൂലൈ 31നകം സ്‌കൂളൂകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ജൂലൈ 31നകം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ എം.ജി രാജമാണിക്യം ഉത്തരവിട്ടു. വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ നിന്നാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടത്.
സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓല, ആസ്ബസ്റ്റോസ്, ഓട് എന്നിവ മേഞ്ഞ എല്ലാ സ്‌കൂളുകളുടെയും പട്ടിക സമര്‍പ്പിക്കാന്‍ നേരത്തെ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടിക മാത്രമാണ് ലഭ്യമായത്. തുടര്‍ന്നാണ് പ്രത്യേക നടപടിക്രമത്തിലൂടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഉത്തരവിറക്കിയത്.
അനുവദിച്ചിട്ടുള്ളതിലും കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെതിരെ ജില്ലാ പൊലിസ് ചീഫ്, ആര്‍.ടി.ഒ എന്നിവര്‍ നടപടി സ്വീകരിക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും അടിയന്തിരമായി ലഭ്യമാക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ചാഞ്ഞുനില്‍ക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
സ്‌കൂളുകള്‍ക്ക് സമീപമുള്ള കുളങ്ങള്‍, തോടുകള്‍, കിണറുകള്‍ എന്നിവ സുരക്ഷിതമായി സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വൈദ്യുതി ലൈനുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിയും നടപടി സ്വീകരിക്കണം.
സ്‌കൂളുകളില്‍ പ്രഥമ ശുശ്രൂഷ സംവിധാനം ജില്ല മെഡിക്കല്‍ ഓഫീസറും സ്‌കൂള്‍ അധികൃതരും ഉറപ്പു വരുത്തണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സുരക്ഷ സംബന്ധിച്ച പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താന്‍ ഉപവിദ്യാഭ്യാസ ഡയറക്ടറെയും ജില്ല പൊലിസ് ചീഫിനെയും ചുമതലപ്പെടുത്തി.
ഈ നടപടികള്‍ സംബന്ധിച്ച് ഓരോ മാസവും അവലോകനം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."