കനാലിലെ ചെളി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നിക്ഷേപിക്കുന്നതില്‍ പ്രതിഷേധം
മട്ടാഞ്ചേരി: മാന്ത്ര കല്‍വത്തി കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി കോരിയ ചെളി ഉള്‍പ്പെടെയുള്ള മാലിന്യം ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ പറമ്പില്‍ നിക്ഷേപിച്ചത് നാട്ടുകാര്‍ക്ക് ദുരിതമായി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ നാല് മണിവരെ മിനി ടെമ്പോയിലാണ് ചെളി ഉള്‍പ്പെടെയുള്ള മാലിന്യം കരാറുകാരന്‍ നിക്ഷേപിച്ചത്.
മാലിന്യം കലര്‍ന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം റോഡിലേക്ക് ഒഴുകിയതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളിന് മുന്നിലേക്ക് മലിന ജലം എത്തിയത് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കും കുഞ്ഞുങ്ങളുമായി എത്തിയ രക്ഷിതാക്കള്‍ക്കും ഒരു പോലെ ദുരിതമായി.
ഒഴിഞ്ഞ പറമ്പാണെങ്കിലും അതിര്‍ത്തി കെട്ടുകളില്ലാത്തതിനാല്‍ മഴ പെയ്താല്‍ ചെളി മുഴുവന്‍ റോഡിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്.
ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും മാലിന്യ നിക്ഷേപം വിനയായി മാറി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന്‍ ജെ.സി.ബി എത്തിച്ച് താല്‍ക്കാലിക തടയണ നിര്‍മ്മിച്ചെങ്കിലും ശക്തമായ മഴയില്‍ ഇത് ഒലിച്ച് പോകുന്ന സ്ഥിതിയാണ്.
സാധാരണ ഇത്തരത്തില്‍ മാലിന്യം കോരിയാല്‍ അത് കരാറുകാരന്‍ തന്നെ സ്ഥലം കണ്ടെത്തി നീക്കം ചെയ്യുകയാണ് പതിവ്. അതിന് വിരുദ്ധമായ സമീപനമാണ് കരാറുകാരന്‍ സ്വീകരിച്ചതെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. മാന്ത്ര കനാല്‍ ശുചീകരണത്തിലും ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."