വിഴിഞ്ഞത്തേക്ക് നഗരൂരില്‍നിന്ന് പാറ: വില്ലേജ് ഓഫിസ് ഉപരോധിച്ചു
കിളിമാനൂര്‍: വിഴിഞ്ഞം തുറുമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് നഗരൂര്‍ ആയിരവില്ലി പാറ പൊട്ടിച്ച് കൊണ്ടുപോകുന്നതിന് തത്വത്തില്‍ അനുമതി നല്‍കിയതായി വിവരം പുറത്ത് വന്നതോടെ നഗരൂരില്‍ ജനരോക്ഷം ശക്തമാകുന്നു.
ഇന്നലെ സര്‍വ കക്ഷികളുടെയും നേതൃത്വത്തില്‍ ശ്രീ ആയിരവല്ലി കുന്ന് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നഗരൂര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു.നഗരൂരില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് വെള്ളം കൊള്ളിയില്‍ സ്ഥിചെയ്യുന്ന ആയിരവില്ലി പാറ ക്ഷേത്രം. ഈ പാറ പൊട്ടിച്ച് വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നതിനാണ് റവന്യു തലത്തില്‍ തീരുമാനമായത്. ദിനേ 200 ലോഡ് പാറ കൊണ്ടുപോകുമെന്നും അറിയുന്നു.
പാറ പുറമ്പോക്ക് ഭൂമി അളന്ന് തിരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനിരിക്കെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇവിടെ പാറ പൊട്ടിക്കുന്നതിനെതിരേ നഗരൂര്‍ സ്വദേശി സുരേഷ് കുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയല്‍ ചെയ്ത കേസില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഇതും പരിശോധിക്കാതെയാണ് ഇപ്പോള്‍ പാറ പൊട്ടിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ജനവാസ പ്രദേശമല്ല എന്നനിലയില്‍ നഗരൂര്‍ വില്ലേജില്‍ നിന്ന് റിപ്പോട്ട് പോയതായും സൂചനയുണ്ട്.
ആല്‍ത്തറമൂട്ടില്‍ നിന്ന് പ്രതിഷേധ പ്രകടനമായിട്ടാണ് നാട്ടുകാര്‍ വില്ലേജ് ഓഫിസ് ഉപരോധത്തിനെത്തിയത്.
ഉപരോധം നടക്കുന്നതറിഞ്ഞ് ചിറയിന്‍കീഴ് താലൂക്ക് തഹസില്‍ദാര്‍ സ്ഥലത്ത് വന്ന പ്രതിഷേധക്കാരുമായി സംസാരിച്ചു.
സര്‍വേ നടന്നിട്ടില്ലെന്നും സര്‍വക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സര്‍വേ നടപടികള്‍ ആരംഭിക്കുകയുള്ളുവെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍ പിരിഞ്ഞു പോയത്.
പാറപൊട്ടിക്കുന്നതിനെയും ക്ഷേത്രം തകര്‍ക്കുന്നതിനെയും എന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാര്‍ പറയുന്നു .
ആനൂര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എ. ഇബ്രാഹിം കുട്ടി, ഹരികൃഷ്ണന്‍ നായര്‍, വെള്ളല്ലൂര്‍ അനില്‍കുമാര്‍, നഗരൂര്‍ വിമേഷ്, അഡ്വ. ഷിഹാബുദ്ദീന്‍, തേക്കിന്‍കാട് രാജേഷ്, ആര്‍. ഗിരീഷ് ബാബു, സുരേഷ് കുമാര്‍, അജിത ഉണ്ണികൃഷ്ണന്‍, ബീന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."