കശുവണ്ടി തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ആശ്വാസ വേതനവും നല്‍കണമെന്ന് ഐ.എന്‍.ടി.യു.സി
കൊല്ലം: സംസ്ഥാനത്തെ മിക്ക കശുവണ്ടി ഫാക്ടറികളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും പ്രതിമാസം 2000 രൂപ ആശ്വാസ വേതനവും അനുവദിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ കാഷ്യൂ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ശൂരനാട് എസ്. ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
കശുവണ്ടി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 500 കോടി രൂപ അനുവദിച്ച് ക്ഷേമ നിധി ഓഫിസുകള്‍ വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. കശുവണ്ടി മേഖലയിലെ തൊഴിലാളി ചൂഷണങ്ങള്‍ വര്‍ധിക്കുമ്പോഴും തൊഴില്‍ വകുപ്പ് ഈ വിഷയങ്ങളില്‍ ഇടപെടുന്നില്ല. നിയമം നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കാന്‍ തയാറാകാത്ത സാഹചര്യവും നിലവിലുണ്ട്. വോട്ടിനു വേണ്ടി മാത്രം കശുവണ്ടി തൊഴിലാളികളെ ആശ്രയിക്കുന്ന ജനപ്രതിനിധികളും സര്‍ക്കാരുകളും അവരുടെ പ്രശ്‌നങ്ങള്‍ കാണാന്‍ ഇടപെടുന്നില്ല.
സംസ്ഥാനത്തൊട്ടാകെ മൂന്നു ലക്ഷത്തോളം കശുവണ്ടി തൊഴിലാളികള്‍ ഉണ്ടെന്നിരിക്കെ ഇരുപതിനായിരത്തോളം വരുന്ന കാഷ്യൂ കോര്‍പ്പറേഷന്റേയും കാപ്പക്‌സിന്റേയും ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് മാത്രം ജോലി നല്‍കിയതില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്നും സര്‍ക്കാര്‍ ഫണ്ട് പാര്‍ട്ടി ഫണ്ടാക്കി മാറ്റുന്നതിനുള്ള ഏജന്‍സിയെപ്പോലെയാണ് ഈ പൊതു മേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും ശ്രീകുമാര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം അന്‍സാരി, സെക്രട്ടറിമാരായ കെ.ആര്‍ ഷൗക്കത്ത്, പി.കെ രാധാമണി, ആനയടി ശശി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."