അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത് 1.56 കോടി രൂപ
കൊല്ലം: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ തൊഴില്‍ വകുപ്പ് 2017 - 18 സാമ്പത്തിക വര്‍ഷം കുടിശ്ശിക ഉള്‍പ്പെടെ 1,56,45,893 രൂപ വിതരണം ചെയ്തു. 1500ഓളം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കഴിഞ്ഞ ഓണക്കാലത്ത് പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജില്ലാ ലേബര്‍ ഓഫിസ് മുഖേന 12,30,000 രൂപയും പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികളിലെ 28,236 തൊഴിലാളികള്‍ക്ക് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി 6,35,50,105 രൂപയും ആശ്വാസ ധനഹായമായി നല്‍കി.
മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 14,00,000 രൂപയും അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ 13,14,500 രൂപയും ചെലവിട്ടു. അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതി മുഖേന ആശ്വാസ ധനസഹായമായി 5,02,000 രൂപ നല്‍കി.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 5,01,044 കുടുംബങ്ങള്‍ക്ക് ചികിത്സാ കാര്‍ഡ് ലഭ്യമാക്കി. 49,181 ക്ലെയിം കേസുകളിലായി 18,10,72,655 രൂപ വിവിധ ആശുപത്രികള്‍ക്ക് നല്‍കി. ആവാസ് പദ്ധതിയിലൂടെ 14000ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ കാര്‍ഡ് വിതരണം ചെയ്തു.
ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ്സ് ആക്ട് പ്രകാരം 2,76,26,000 രൂപ ജില്ലയില്‍ സെസ് ഇനത്തില്‍ ശേഖരിച്ച് നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് മൂന്നു ലക്ഷം രൂപ ചെലവില്‍ ജില്ലയില്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകളും ബോധവല്‍കരണ സെമിനാറുകളും സംഘടിപ്പിച്ചു.
ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം കഴിഞ്ഞ വര്‍ഷം നാലായിരത്തോളം സ്ഥാപനങ്ങള്‍ പരിശോധിച്ചു. നിയമലംഘനങ്ങള്‍ക്കെതിരേ 710 ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തു. മിനിമം വേതനം ലഭിക്കുന്നില്ലെന്ന പരാതികള്‍ പരിഗണിച്ച് 5,600 തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."