റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു; കരാറുകാരനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂര്‍ ചുങ്കം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം കരാറുകാരന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പുലിയന്നൂര്‍ മുതല്‍ വേലൂര്‍ ചുങ്കം വരെയുള്ള നാലര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ നിര്‍മാണം മുടങ്ങി കിടക്കുന്നത്.
പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന പദ്ധതി പ്രകാരമാണ് വേലൂര്‍ വെളളാറ്റഞ്ഞൂര്‍ ചുങ്കം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പുതിയ റോഡിനായി പൊളിച്ചു നീക്കിയത് 28 ലക്ഷം രൂപ ചെലവഴിച്ച് 3 വര്‍ഷം മുന്‍പ് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച റോഡാണ്. യാതൊരു കേടുപാടുമില്ലാത്ത റോഡാണ് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും അഴിമതി നടത്തുന്നതിനുമായി പുനര്‍നിര്‍മ്മിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. കേന്ദ്ര മേല്‍നോട്ട സമിതിയുടെ പരിശോധനയില്‍ ഗുണനിലവാരം പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കരാറുകാരന്‍ റോഡിനെ പൂര്‍ണമായും അവഗണിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കരാര്‍ വ്യവസ്ഥയില്‍ ഇന്നലെ ഉദ്ഘാടനം നടത്തേണ്ട ഈ റോഡിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം പോലും പൂര്‍ത്തീകരിച്ചിട്ടില്ലയെന്നതും വസ്തുതയാണ്.
നിലവിലുണ്ടായിരുന്ന റോഡ് കൊത്തി പൊളിച്ച് മെറ്റല്‍ വിരിച്ചിട്ടിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്കാര്‍ക്കോ ഇതുവഴി സഞ്ചരിക്കുന്നതിന് സാധ്യമല്ലാതായിരിക്കുകയാണ്.
റോഡ് നിര്‍മാണത്തിനായി റോഡിന്റെ ഇരുവശങ്ങളിലും മണ്ണും മെറ്റലും കൂട്ടിയിട്ടിട്ടുള്ളത് കാല്‌നടയാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കിത്തരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."