വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി: അട്ടപ്പാടി റോഡ് സ്വപ്‌നത്തിലൊതുങ്ങുന്നു
സ്വന്തംലേഖകന്‍
അഗളി: അട്ടപ്പാടി ചുരം റോഡിലൂടെ സുഗമമായ യാത്ര സ്വപ്നം മാത്രമാകുന്നു. കഴിഞ്ഞ വര്‍ഷമാണ് ദിവസങ്ങളോളം വഴിമുടക്കിയ അട്ടപ്പാടി ചുരം ഒന്നാകെ കുത്തിയൊലിച്ചിളകി പോയത്. രണ്ടാഴ്ചക്കാലം ഈ വഴി ഗതാഗതം പൂര്‍ണമായും നിരോധിക്കുകയും അവശ്യസാധനങ്ങള്‍ തമിഴ്‌നാട് വഴി അട്ടപ്പാടിയിലേക്ക് എത്തിക്കേണ്ടിയും വന്നിരുന്നു.
താത്കാലികാശ്വാസത്തിന് അന്ന് റവന്യു, പൊതുമരാമത്ത് വകുപ്പുകള്‍ വലിയ തുക ചെലവഴിച്ച് ചില അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പിന്നീടതിന് തുടര്‍ച്ചയുണ്ടായില്ല.
ആനമൂളി മുതല്‍ മുക്കാലി വരെ വരുന്ന ചുരം റോഡ് ഇപ്പോഴും പൂര്‍ണമായും ഗതാഗത യോഗ്യമായിട്ടില്ല. റോഡ് രണ്ടായി പിളര്‍ന്ന ഭാഗങ്ങളില്‍ താത്കാലികമായി ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. നൂറുകണക്കിന് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന ഇവിടേക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും പിന്നീട് ബന്ധപ്പെട്ട വകുപ്പുകാര്‍ തയ്യാറായില്ല.
കുഴിയും സൈഡ് ഇടിഞ്ഞും ആപത്കരമായ യാത്രയാണ് നാട്ടുകാര്‍ നേരിടുന്നത്. വീണ്ടും മഴ പെയ്യാന്‍ തുടങ്ങുന്നതോടെ ഏതുസമയവും ചുരം ഇടിഞ്ഞ് ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗതാഗതത്തിന് തടസം വരുമ്പോള്‍ മാത്രം പണം ചെലവിടുന്ന വകുപ്പുകള്‍ ഇപ്പോള്‍ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിക്കുന്നേയില്ല.
ഇനി ചുരം ഇടിഞ്ഞാല്‍ ഗതാഗതത്തിന് മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. മഴക്ക് മുമ്പ് ഗതാഗതം സുഗമമാക്കാനുള്ള തീരുമാനം ഉണ്ടായില്ലെങ്കില്‍ അട്ടപ്പാടി ഇതര ഭാഗങ്ങളുമായി തീര്‍ത്തും ഒറ്റപ്പെട്ടുപോകുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."