മരണം കാത്ത് ജില്ലയിലെ ജലാശയങ്ങള്‍
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ജലാശയങ്ങളുടെ നാഡീഞരമ്പുകളായ തോടുകളും അരുവികളും മരണാസന്ന നിലയില്‍. അശാസ്ത്രീയമായ രീതിയില്‍ തോടുകളില്‍ നടത്തിയ നവീകരണ പ്രവര്‍ത്തികളാണ് ജലാശയങ്ങളെ നാശത്തിലേക്ക് തള്ളിയത്. ജില്ലയിലെ 90 ശതമാനം തോടുകളും ജലാശയങ്ങളും മരണാസന്ന നിലയിലാണ്.
തൊഴിലുറപ്പുപദ്ധതി പ്രകാരമടക്കം തോടുകളിലും അരുവികളിലും നടത്തിയ നവീകരണ പ്രവര്‍ത്തികളാണ് ജില്ലയിലെ ജലവാഹിനികളായ തോടുകളെയും അരുവികളെയും നശിപ്പിക്കുന്നത്.
തോടുകളില്‍ വെള്ളം സംഭരിച്ചു നിര്‍ത്തുന്നതിലും ശുദ്ധീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്ന തഴയും, നായ്ക്കരിമ്പും, ചേമ്പും, മറ്റ് പുല്‍വര്‍ഗങ്ങളും, ഈറ്റയടക്കമുള്ളവയും വേരോടെ നശിപ്പിച്ചതാണ് തോടുകളുടെയും അരുവികളുടെയും നാശത്തിലേക്ക് നയിച്ചത്. നിലവില്‍ വെള്ളം വറ്റിയ തോടുകള്‍ മാലിന്യം വലിച്ചെറിയാനുള്ള കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
തോടുകളില്‍ തടയണകളും മറ്റുനവീകരണ പ്രവര്‍ത്തികളും നടത്തുന്നതിനു പകരം തോടിറമ്പുകളില്‍ മഴക്കുഴികള്‍ തീര്‍ത്തും കൈതയടക്കമുള്ള സ്വാഭാവിക സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും നടപടികള്‍ ഉണ്ടായെങ്കില്‍ മാത്രമേ നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസ്സുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളു. ഇതിനായി അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."