രാമനാട്ടുകര ബൈപ്പാസ് മേല്‍പ്പാലം മതിലും ഷെഡും പൊളിച്ചു നീക്കി
ഫറോക്ക്: രാമനാട്ടുകര ബൈപ്പാസില്‍ മേല്‍പ്പാലത്തോടനുബന്ധിച്ചുളള ഡ്രൈനേജ് നിര്‍മ്മാണത്തിനു തടസ്സമായി നിന്ന മതിലും ഷെഡ്ഡും പൊളിച്ചു നീക്കി.
പട്ടിക ജാതി സഹകരണ സംഘത്തിന്റെ മതിലും,ഷെഡുമാണ് പൊതുമരാമത്ത്, റവന്യു സംയുക്ത സംഘം പൊലിസ് കാവലില്‍ പൊളിച്ചുനീക്കിയത്. ഇതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന രാമനാട്ടുകര മേല്‍പ്പാലത്തിന്റെ ഡ്രൈനേജ് നിര്‍മ്മാണത്തിനുളള തടസ്സങ്ങളും നീങ്ങി.
സ്ഥലം ഉടമാവകാശവു മായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈനേജ് നിര്‍മാണം ഒരു മാസമായി നിലച്ചിരുന്നു. വടക്കു പന്തീരാങ്കാവ് ഭാഗത്ത് മേല്‍പ്പാലം സമാപിക്കുന്ന സ്ഥലത്തിനു സമീപം എത്തി നില്‍ക്കുന്ന ഡ്രൈനേജ് നിര്‍മാണം സമീപത്തെ രാമനാട്ടുകര പട്ടികജാതി സഹകരണ സംഘത്തിന്റെ പരാതി കാരണമാണ് നിന്നുപോയത്. മേല്‍പാലത്തോടനുബന്ധിച്ചുള്ള ഡ്രൈനേജ് നിര്‍മ്മിക്കുന്ന ഭൂമി തങ്ങളുടെ അധീനതയില്‍ പെട്ടതാണെന്ന് കാണിച്ചു സംഘം കോടതിയെ സമീപിച്ചതാണ് പ്രവര്‍ത്തിക്കു തടസ്സമായത്.
മേല്‍പ്പാലം നിര്‍മ്മാണത്തിന് മുമ്പേ തന്നെ റവന്യു സര്‍വേ വിഭാഗം ബൈപ്പാസ് ഭൂമി അളന്നു അതിരുകളില്‍ കല്ല് നാട്ടിയിരുന്നു.
സംഘത്തിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ടൂഷ്യന്‍ സെന്ററിന്റെ മതില്‍ ഉള്‍പ്പെടുന്ന സ്ഥലം ബൈപ്പാസിന്റേതാണെന്നായിരുന്നു സര്‍വേ വിഭാഗത്തിന്റെ കണ്ടെത്തല്‍. ജില്ലാ സര്‍വേ സൂപ്രണ്ട് മതില്‍ പൊളിച്ചു നീക്കാന്‍ ദേശീയ പാത ബൈപ്പാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അവര്‍ മതില്‍ പൊളിക്കാന്‍ സഹകരണ സംഘത്തോട് ആവശ്യപ്പെട്ടെങ്കിലും സംഘം കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കോടതിയില്‍ നിന്ന് ബൈപ്പാസ് വിഭാഗത്തിന് മതില്‍ പൊളിക്കാനുള്ള അനുകൂലമായ വിധിയാണ് ഉണ്ടായത്. ഇതെ തുടര്‍ന്നാണ് ഇന്നലെ രാവിലെ വന്‍ പൊലിസ് സന്നാഹത്തില്‍ യന്ത്ര സഹായത്തോടെ മതില്‍ പൊളിച്ചു മാറ്റിയത്. എന്നാല്‍ ആധാരപ്രകാരമുള്ള ഭൂമിയിലാണ് മതില്‍ നിര്‍മ്മിച്ചതെന്നാണ് സംഘത്തിന്റെ വാദം.
പൊതുമരാമത്ത്,റവന്യൂ, സി.ഡി.എ എന്നിവരില്‍ നിന്ന് അനുമതി വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും അവര്‍ വ്യക്തമാക്കി.
തഹസില്‍ദാര്‍ കെ. ബാലന്‍, രാമനാട്ടുകര വില്ലേജ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍, പൊതുമരാമത്ത് ബൈപ്പാസ് വിഭാഗം എക്‌സിക്യട്ടീവ് എഞ്ചിനീയര്‍മാരായ കെ.വിനയരാജ്, പി.ബി ബൈജു, അസി. എഞ്ചിനീയര്‍ എ. തുഷാര, ഓവര്‍സീയര്‍മാരായ സതീഷ് കുമാര്‍, ഹാരിസ് എന്നിവര്‍ ഒഴിപ്പിക്കലിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."