കാറ്റും മഴയും: അറക്കുളം മേഖലയില്‍ കനത്ത നാശം
മൂലമറ്റം: ബുധനാഴ്ചയും ഇന്നലെയുമായുണ്ടായ കനത്ത മഴയിലും കാറ്റിലും അറക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശ നഷ്ടങ്ങളുണ്ടായി.
ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഇലപ്പള്ളി വടക്കേല്‍ തങ്കച്ചന്റെ വീടിനു മുന്നിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു.
വീട് അപകടാവസ്ഥയിലാണ്. സമീപത്തെ റോഡിലേക്കു വീണ കല്ലും മറ്റും ഗ്രാമ പഞ്ചായത്തംഗം ഷിബു ജോസഫിന്റെ നേതൃത്വത്തിലെത്തിയ സംഘം നീക്കം ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ന് സ്ഥലം സന്ദര്‍ശിക്കുമെന്നും ഇലപ്പളളി വില്ലേജ് ഓഫിസ് അധികൃതര്‍ അറിയിച്ചു. അറക്കുളം അശോക കവല ആഡിറ്റിനു സമീപത്ത് അയല്‍വാസിയുടെ വീടിന്റെ തിട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു മോഹനന്‍ മാരിയപുറത്തിന്റെ വീടിനു മുകളിലേക്ക് പതിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ കലക്ടര്‍ക്കു പരാതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ അറക്കുളം വില്ലേജ് അധികൃതരും ഗ്രാമ പഞ്ചായത്തംഗം എ ഡി മാത്യുവും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ കാഞ്ഞാര്‍ പൊലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ചേറാടി തെക്കേകൊച്ചുപറമ്പില്‍ ഐസകിന്റെ വീടിനുള്ളിലേക്ക് മണ്ണിടിഞ്ഞു വീണു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മണ്ണ് നീക്കം ചെയ്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയുണ്ടായ ശക്തമായ കാറ്റില്‍ കാഞ്ഞാര്‍-പുളളിക്കാനം റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂലമറ്റത്തു നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മരം മുറിച്ച് മാറ്റിയാണ് ഇതുവഴി ഗതാഗതം പുനസ്ഥാപിച്ചത്. മൂലമറ്റം സര്‍ക്കാര്‍ ഹൈസ്‌കൂളിനു പിന്നിലെ തേക്ക് മരം ഒടിഞ്ഞു വീണു. കെട്ടിടത്തിന്റെ ഒരു ഭാഗത്തുമാത്രം ശിഖരം പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.സംഭവമറിഞ്ഞ് ഇടുക്കി ജില്ലാ പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."