കേരളത്തിലെ വികസനം സ്വപ്‌നസമാനം: മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: സ്വപ്നസമാനമായ വികസനമാണ് രണ്ടു വര്‍ഷംകൊണ്ടു കേരളത്തിലുണ്ടായതെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂളില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെക്കാലമായി മുടങ്ങിക്കിടന്ന ദേശീയപാത സ്ഥലമെടുപ്പും ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കിയതു സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നത്. വികസനത്തിനായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ ഓരോ പദ്ധതിക്കും സ്ഥലം ഏറ്റെടുക്കുന്നത്. ഇക്കാര്യത്തില്‍ ഇന്നു സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ നാളെ അംഗീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വിവരം ഉള്‍പ്പെടുത്തി ജില്ലാഭരണകൂടം തയാറാക്കിയ മൊബൈല്‍ ആപ് മന്ത്രി പ്രകാശനവും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
ജൈവകൃഷി രംഗത്ത് മികച്ച സംഭാവന നല്‍കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് നല്‍കി. കൂട്ടിലങ്ങാടി, കുറുവ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. മൂന്ന്, രണ്ട്, ഒന്ന് ലക്ഷം വീതമാണ് അവാര്‍ഡ് തുക. വി. അബ്ദുര്‍റഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം വി. രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ശശികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."