ജില്ലയെ ലഹരിമുക്തമാക്കുന്നതിന് കര്‍മപദ്ധതി: ലഹരിയെ തുരത്താന്‍ മുണ്ടുമുറുക്കാം
മലപ്പുറം: ലഹരിവിരുദ്ധ പദ്ധതികളുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തും. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'വിമുക്തി' പദ്ധതിയുടെ ഭാഗമായാണ് കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു പ്രത്യേക പദ്ധതികളും ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഫുട്‌ബോള്‍ മത്സരം, ക്ലബുകള്‍ക്കായി വടംവലി മത്സരം എന്നിവ നടത്തും. ആദിവാസി മേഖലയില്‍ പി.എസ്.സി പരിശീലനത്തിനു ക്ലബുകള്‍ക്കു ധനസഹായവും പദ്ധതിയുടെ ഭാഗമായി നടത്തും.
താലൂക്ക് ആശുപത്രികളില്‍ ബോധവല്‍ക്കരണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കുകയും ചെയ്യും.
മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്നു ബോധവല്‍ക്കരണ പരിപാടികളും ഫോട്ടോഗ്രഫി മത്സരവും നടത്തും. സ്‌കൂളുകളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് മാതൃകയില്‍ പ്രത്യേക ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരുമിച്ചുകൂട്ടി ജില്ലാ കലക്ടര്‍ പങ്കെടുക്കുന്ന ബോധവല്‍ക്കരണ യോഗങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."