പിടികിട്ടാപ്പുള്ളി കഞ്ചാവ് മണി അറസ്റ്റില്‍
പാലാ: പാലായില്‍ ഏജന്റുമാര്‍ മുഖേന വര്‍ഷങ്ങളായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വിറ്റുവരുകയായിരുന്ന കഞ്ചാവ് മണി എന്നുവിളിക്കുന്ന വെള്ളാപ്പാട് പൂതക്കുന്നേല്‍ മണിയെ(50) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപിന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് ഇയാളെ പിടികൂടിയത്.
അരുണാപുരം തെങ്ങുംതോട്ടത്തില്‍ മാക്കാന്‍ എന്നുവിളിക്കുന്ന ബിജു വര്‍ക്കിയാണ് ഇയാളുടെ പ്രധാന ഏജന്റെന്ന് എക്‌സൈസ് പറഞ്ഞു. ഇയാള്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയതിനു രണ്ടുകേസുകള്‍ പാലാ എക്‌സൈസ് എടുത്തിട്ടുണ്ട്.
ബിജു വര്‍ക്കി താമസിക്കുന്ന വീടും മറ്റു സൗകര്യങ്ങളും കഞ്ചാവ് വില്‍പനയ്ക്കായി ഏര്‍പ്പാടുചെയ്തുകൊടുക്കുന്നതും കഞ്ചാവ് എത്തിച്ചുനല്‍കുന്നതും മണിയായിരുന്നു. ഇയാളുടെ വില്‍പന ഏജന്റ് മാത്രമായിരുന്നു ബിജു വര്‍ക്കി. ഇന്നലെ രാവിലെ മണിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘത്തെ കണ്ട് മണി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അറസ്റ്റിന് വിസമ്മതിക്കുകയും ചെയ്തു.
ഇയാളും മകനും മരുമകനും ചേര്‍ന്ന് എക്‌സൈസ് ജീവനക്കാരെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പാലാ എക്‌സെസ് റേഞ്ചിലെ മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേറ്റു.
കൂടുതല്‍ എക്‌സൈസുകാരെത്തി മണിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
മണിക്ക് ലഭിക്കുന്ന കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് എക്‌സൈസ് അന്വേഷണമാരംഭിച്ചു. മണിയെക്കുറിച്ച് ജാഗ്രതാ സമിതിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ എക്‌സൈസിനു ലഭിച്ചിരുന്നു.
പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.പി. വേണുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തില്‍ പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.പി അനൂപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജസ്റ്റിന്‍ തോമസ്, ടി.എ യേശുദാസ്, സി.ജി സുരേഷ്, ജോബി അഗസ്്റ്റിന്‍, ബെന്നി സെബാസ്റ്റ്യന്‍, അനില്‍ വേലായുധന്‍, മനു ചെറിയാന്‍, ജയിംസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."