പേരാമ്പ്ര എസ്‌റ്റേറ്റില്‍ തൊഴിലാളി യൂനിയന്‍ അനശ്ചിതകാല സമരം; മാര്‍ച്ച് സംഘടിപ്പിച്ചു
പേരാമ്പ്ര : എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികള്‍ ടാപ്പ് ചെയ്യേണ്ട മരങ്ങളുടെയും സ്ഥലങ്ങളുടെയും അളവില്‍ വര്‍ധനവ് വരുത്തി തൊഴിലാളികളുടെ ജോലിഭാരം വര്‍ധിപ്പിച്ച മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയെന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മുതുകാടുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടന്നു വരുകയാണ്. സമരം അവസാനിപ്പിക്കാനുള്ള യാതൊരു ശ്രമവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി എസ്‌റ്റേറ്റ് മാനേജര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
മെയ് ദിനത്തിന്റെ അവധികഴിഞ്ഞെത്തിയ തൊഴിലാളികളോട് നിങ്ങള്‍ ഇതുവരെ ടാപ്പിങ് നടത്തിയ ടാക്‌സിന്‍ ഏരിയയില്‍ പോകേണ്ടെന്നും മാനേജ്‌മെന്റ് നിര്‍ദേശിക്കുന്ന പുതിയ ഏരിയയില്‍ തൊഴിലെടുക്കാന്‍ അറിയിക്കുകയുമാണ് ഉണ്ടായത്. പുതിയ ടാക്‌സില്‍ ഒരാള്‍ക്ക് 500ല്‍ അധികം മരങ്ങളും അഞ്ചേക്കറോളും സ്ഥലവുമാണ് ഉള്ളത്. നിലവില്‍ 350 മരങ്ങളാണ് ഒരുതൊഴിലാളി ടാസ്‌ക്. ഇതില്‍ വരുന്ന മാറ്റം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുള്ളയുടെ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ടാസ്‌ക് റീഅറേജ്‌മെന്റ് സംബന്ധിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തൊഴില്‍ വകുപ്പ് മന്ത്രിയുടെയും, കൃഷി വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വച്ച് യൂനിയന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ റീ ടാസ്‌കിങ് നടത്തേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നതായി തൊഴിലാളി നേതാക്കള്‍ അറിയിച്ചു.
ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സുനില്‍ ഉദ്ഘാടനം ചെയ്തു. സി.കെ. ബാലന്‍ അധ്യക്ഷനായി. ബിജു ചെറുവത്തൂര്‍, ജയിംസ് മാത്യു, വര്‍ഗീസ് കോലത്ത് വീട്ടില്‍, കെ.പി പ്രേംരാജ് പ്രസംഗിച്ചു. കെ.പി. സത്യന്‍, പി. മോഹനന്‍, എന്‍.ജെ മേഹനന്‍, കെ.പി ശ്രീജിത്ത്, അല്ലി റാണി, എം.കെ. പ്രമോദ്, സിന്ദു മൈക്കിള്‍, സുമ സന്തോഷ്, കെ. ഷീബ, സി.കെ. ഷീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ട്രേഡ് യൂനിയന്‍ മുന്നോട്ട് വച്ചകാര്യങ്ങളാണ് മേനേജ്‌മെന്റ് നടപ്പിലാക്കിയതെന്നും തൊഴിലാളികള്‍ അത് അംഗീകരിച്ചില്ലെന്നും എസ്‌റ്റേറ്റ് മാനേജര്‍ സിബി അറിയിച്ചു. ഇന്ന് വൈകിട്ട് നാലിന് മാനേജ്‌മെന്റ് അധികൃതര്‍ തൊഴിലാളി പ്രതിനിധികളുമായി എസ്റ്റേറ്റ് ഐബിയില്‍ വച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."