വിഷ്ണു മംഗലം സംഘര്‍ഷം: എട്ടു പേര്‍ക്കെതിരേ കേസ്
നാദാപുരം: വിഷ്ണുമംഗലത്തു ഞായറാഴ്ച ഉച്ചയോടെയുണ്ടണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു.
വിഷ്ണുമംഗലം സ്വദേശി പന്നിക്കുഴിച്ചാലില്‍ വിഷ്ണു (23 ) ആണ് അറസ്റ്റിലായത്. നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച ഇവിടെ നിന്നു ബി.ജെ.പി പോസ്റ്ററുകളും തൊട്ടടുത്ത് കച്ചവടം ചെയ്യുകയായിരുന്ന ബി.ജെ.പി പ്രവര്ത്തകന് മത്തത്ത് ചന്ദ്രന്റെ കടയിലെ കസേരകളും നശിപ്പിക്കപ്പെട്ടിരുന്നു.
സംഘത്തില്‍പ്പെട്ടവരെ കൈയോടെ പിടികൂടിയതാണ് സംഘര്‍ഷാവസ്ഥയ്ക്കു ഇടയാക്കിയത്. എന്നാല്‍ സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നാദാപുരം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഭവ സ്ഥലത്തു നിന്നു വിഷ്ണുവിനെ പിടികൂടി കേസെടുക്കുകയായിരുന്നു.
സംഘര്‍ഷം ഒഴിവാക്കാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇരുപാര്‍ട്ടിക്കാരും എഴുതിയ പാര്‍ട്ടി ചിഹ്നങ്ങളും പേരുകളും പൊലിസ് മായ്ച്ചു. കഴിഞ്ഞാഴ്ച ഇവിടെയുള്ള സി.പി.എം ഓഫിസ് തീവച്ചു നശിപ്പിച്ചതോടെയാണ് സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനിന്നത്. പൊലിസ് ഇപ്പോഴും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."