തൊഴില്‍ പ്രശ്‌നങ്ങളറിയാന്‍ മന്ത്രി ബേപ്പൂര്‍ തുറമുഖത്തെത്തി
ബേപ്പൂര്‍: തുറമുഖത്തെ തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ബേപ്പൂര്‍ തുറമുഖത്തെത്തി. തുറമുഖത്തിന്റെ സമഗ്ര വികസനത്തിനൊപ്പം മികച്ച തൊഴില്‍ അന്തരീക്ഷം കൂടി നിലനിര്‍ത്തി കൂടുതല്‍ ചരക്കു കയറ്റിറക്കിന് വഴിയൊരുക്കുന്നതിനാണ് മന്ത്രിയുടെ സന്ദര്‍ശനം. തൊഴിലാളികളില്‍നിന്നും വിവിധ സംഘടനാ പ്രതിനിധികളില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി ഉദ്യോഗസ്ഥരുമായും വിശദമായ ചര്‍ച്ച നടത്തി.
നേരത്തെ കണ്ടയ്‌നര്‍ കയറ്റിറക്ക് കൂലി സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതിനാല്‍ തൊഴിലാളികളുടെ കൂലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറുടെ ഉത്തരവനുസരിച്ച് കണ്ടയ്‌നര്‍ ഒന്നിന് 325 രൂപ കൂലി നിരക്കാണ് നിലവിലുള്ളത്. ഇതു തുറമുഖത്തെ തൊഴിലാളി യൂനിയനുകള്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇതുവരെയുള്ള കയറ്റിറക്ക് കൂലി തൊഴിലാളികള്‍ കൈപ്പറ്റിയിട്ടുമില്ല. അതേസമയം തുറമുഖ വികസനം മുന്നില്‍ കണ്ട് കണ്ടയ്‌നര്‍ കയറ്റിറക്കുമായി എല്ലാ യൂനിയനുകളും സഹകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴില്‍രീതിയും തുറമുഖത്തെ പ്രശ്‌നങ്ങളും നേരിട്ടറിയാനും തൊഴില്‍ അന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കുന്നതിനുമായി വകുപ്പ് മന്ത്രി നേരിട്ടെത്തിയത്.
തുറമുഖത്തിന്റെ വികസനത്തിന് എല്ലാ യൂനിയനുകളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് മന്ത്രിയെ അറിയിച്ചു. എന്നാല്‍ തങ്ങളുടെ അധ്വാനത്തിനനുസൃതമായി കൂലി ലഭ്യമാക്കുന്നതിന് നടപടി വേണമെന്നും യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയം തൊഴില്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ഷിപ്പിങ് കമ്പനി പ്രതിനിധികള്‍, കയറ്റുമതി ഏജന്‍സി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം വേഗത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപിന്റെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി, എം.എല്‍.എ എന്നിവര്‍ക്കു പുറമെ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ തുടങ്ങി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തൊഴിലാളി സംഘടനാ പ്രതിനിധികളായ ടി. മൊയ്തീന്‍കോയ, യു. പോക്കര്‍, എന്‍. അനില്‍കുമാര്‍, കെ. സിദ്ധാര്‍ഥന്‍, പി. ഹസ്സന്‍, പി. മുഹമ്മദ് ബഷീര്‍, കെ.വി മുഹമ്മദ് നദീര്‍, പി. ഷംസുദ്ദീന്‍ തുങ്ങിയവര്‍ മന്ത്രിയുമായി സംവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."