പുതുമോടിയില്‍ കിഴക്കോത്ത് പഞ്ചായത്ത്
താമരശേരി: ആധുനിക രീതിയിലുള്ളതും ലോകോത്തര നിലവാരത്തിലുള്ളതുമായ സാംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കിഴക്കോത്ത് പഞ്ചായത്ത് സംസ്ഥാനത്തെ മികവുറ്റ ഗ്രാമ പഞ്ചായത്തുകളുടെ പട്ടികയിലേക്ക്. മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി പഞ്ചായത്തിന് ഐ.എസ്.ഒ 9001 അംഗീകാരവും ലഭിച്ചു. ഇതിന്റെ പ്രഖ്യാപനം ഇന്ന് ഉച്ചക്ക് മൂന്നിന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിക്കും.
കിഴക്കോത്ത് പഞ്ചായത്തില്‍ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്നും ഗുണമേന്മയുള്ള സേവനങ്ങള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടി മികവുറ്റ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ആധുനിക രീതിയില്‍ പണികഴിപ്പിച്ച ഓഫിസ് കെട്ടിടം മാസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തിരുന്നു. പൊതുജന സൗഹൃദമായ ഫ്രണ്ട് ഓഫിസില്‍ ഫയല്‍ ട്രാക്ക് ചെയ്യുന്നതിന്നും ഓണ്‍ലൈന്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ ടച്ച് സ്‌ക്രീന്‍, ക്യൂ നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ടോക്കണ്‍ മെഷീന്‍, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി റാമ്പ് സൗകര്യം, വിശാലമായ ഇരിപ്പിട സൗകര്യം, വാട്ടര്‍ പ്യൂരിഫയര്‍, എല്‍.സി.ഡി ടെലിവിഷന്‍ മുതലായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഗുണനിലവാരമുള്ളതും സമയബന്ധിതവും സുതാര്യവുമാക്കുന്നതിനുമായി ഓഫിസ് കെട്ടിടത്തില്‍ ലാന്‍ സൗകര്യം സ്ഥാപിക്കുകയും എല്ലാ സെക്ഷനുകളിലും കംപ്യൂട്ടറും പ്രിന്ററും നല്‍കി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന്നായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ കണക്ഷന്‍, വൈദ്യുതി തടസം പരിഹരിക്കുന്നതിനായി യു.പി.എസ് സിസ്റ്റം എന്നിവയും ഓഫിസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫയലുകള്‍ ചിട്ടയായി ക്രമീകരിച്ച് ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും എളുപ്പത്തില്‍ വീണ്ടെടുക്കുന്നതിനും വിശാലമായ റെക്കോര്‍ഡ് റൂമും പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്തില്‍ 30 വര്‍ഷത്തെ ഔദ്യോഗിക സേവനത്തില്‍നിന്ന് വിരമിക്കുന്ന പഞ്ചായത്ത് സെക്രട്ടറി പി. രാമചന്ദ്രനുള്ള യാത്രയയപ്പും ഉപഹാര സമര്‍പ്പണവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഇതോടനുബന്ധിച്ച് നടക്കും. പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലുള്ള ദുരിതാശ്വാസനിധി സമാഹരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഹുസയിന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."