റോഡ്, കാല്‍നട ഗതാഗതം സുരക്ഷിതമാക്കാന്‍ നടപടി: കലക്ടര്‍
കൊച്ചി: റോഡ്, കാല്‍നട ഗതാഗതം സുരക്ഷിതമാക്കുന്നതിന് വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ച് സംയുക്ത നടപടിക്ക് തുടക്കം കുറിച്ചതായി ജില്ല കലക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്, ദേശീയപാത, കോര്പ്പറേഷന്, ജി.സി.ഡി.എ, കെ.എം.ആര്.എല്‍, ഡി.എം.ആര്.സി, പൊലിസ് എന്നീ വകുപ്പുകളാണ് സംയുക്ത നടപടിയില്‍ പങ്കെടുക്കുകയെന്നും കലക്ടര്‍ വ്യക്തമാക്കി.
നഗരത്തിലെ കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പരിഹാരപദ്ധതിക്ക് രൂപം നല്‍കുന്നതിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വിവിധ ഏജന്‍സികളുടെ യോഗത്തിലാണ് സംയുക്ത നടപടിക്ക് തീരുമാനമായത്.
വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കീഴിലുള്ള റോഡുകളിലെയും നടപ്പാതകളിലെയും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍, കുഴികള്‍ എന്നിവ സംബന്ധിച്ച് സംയുക്ത കണക്കെടുപ്പ് നടത്തും. സ്വന്തം നിലയിലും ഏജന്‍സികള്‍ പരിശോധന നടത്തും. പൊട്ടിയ സ്ലാബുകള്‍ അടിയന്തിരമായി മാറ്റാനും കുഴികള്‍ മുടാനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. പാര്‍ക്കിങ് സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."