പഞ്ചായത്ത്‌പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് വന്‍ തിരക്ക്
മുക്കം: കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയത്തിലേക്ക്. വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പരിപാടികളുടെ ഫലമായാണ് യജ്ഞം വിജയം കണ്ടിരിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ വലിയതോതിലുള്ള കുത്തൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എല്‍.പി, യു.പി സ്‌കൂളുകളില്‍ മാത്രമല്ല ഹൈസ്‌കൂള്‍ പ്രവേശനത്തിനും ഈ വര്‍ഷം വലിയ തിരക്കാണ് കാണപ്പെടുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്രയോ ഇരട്ടി വിദ്യാര്‍ഥികള്‍ ഇത്തവണ പൊതുവിദ്യാലയ പ്രവേശനത്തിനായി വിവിധ വിദ്യാലയങ്ങളില്‍ എത്തുകയാണ്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനവും പാഠ്യ, പാഠ്യേതര രംഗങ്ങളിലെ മികച്ച നിലവാരവുമാണ് ഇത്തരം സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ എത്താന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെ മാത്രം പ്രവര്‍ത്തനം കൊണ്ട് 65,000 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചിരുന്നു. ഇത്തവണ അത് രണ്ടു ലക്ഷമാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി അവധിക്കാലത്ത് തന്നെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ജില്ലയില്‍ അഡ്മിഷന്‍ ആരംഭിച്ച മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും പ്രവേശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ കൊടിയത്തൂര്‍ പി.ടി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനത്തിനായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിവസം തന്നെ 300ലധികം പേര്‍ പ്രവേശനത്തിനായെത്തി. ഇതില്‍ കൂടുതലും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളായിരുന്നു എന്നതാണ് പ്രത്യേകത.
പുലര്‍ച്ചെ ആറിന് മുന്‍പ് തന്നെ രക്ഷിതാക്കളും വിദ്യാര്‍ഥികളുമെത്തിയതിനാല്‍ ടോക്കണ്‍ നല്‍കിയാണ് വിദ്യാലയ അധികൃതര്‍ ഇവരെ നിയന്ത്രിച്ചത്. ജില്ലയിലെ മറ്റു സ്‌കൂളുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രവേശനം തുടങ്ങിയിടത്തെല്ലാം പ്രവേശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയാരംഭിച്ചതും പൊതുവിദ്യാലയങ്ങള്‍ക്ക് തുണയായി. ഇതിന് പുറമെ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുസമൂഹവും പി.ടി.എ കമ്മിറ്റികളും പൂര്‍വവിദ്യാര്‍ത്ഥികളും കാര്യക്ഷമമായി ഇടപെടുന്നതും മാറ്റങ്ങള്‍ക്ക് കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."