ജെ.എന്‍.യു വിദ്യാര്‍ഥിയുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാവാമെന്ന് പൊലിസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു ദളിത് വിദ്യാര്‍ത്ഥി മുത്തു കൃഷ്ണന്‍ ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാവാമെന്ന് പൊലിസിന്റെ നിരീക്ഷണം. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
അതേസമയം മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് മുത്തുകൃഷ്ണന്റെ പിതാവ് ജീവാനന്ദം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുത്തുകൃഷ്ണന്റെ ജന്മനാടായ സേലത്ത് വിസികെ റാഡിക്കല്‍ സ്റ്റുഡന്റ്്‌സ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തില്‍ അര്‍ധരാത്രിയിലും റോഡുപരോധിച്ചുള്ള ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്ന മുത്തു കൃഷ്ണനെ ഞായറാഴ്ച്ച വൈകിട്ട് ന്യൂഡല്‍ഹിലെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുത്തു കൃഷ്ണന്‍ ജാതി വിവേചനത്തിന്റെ ഇരയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. മോഡി സര്‍ക്കാരിന് കീഴില്‍ യുജിസി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധത്തിലായിരുന്നു മുത്തുകൃഷ്ണന്‍ ഉള്‍പെടെയുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍. പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുകയാണെന്നും പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ തിടുക്കം കൂട്ടുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
മുന്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കൂടിയാണ് മുത്തുകൃഷ്ണന്‍. ഹൈദരാബാദ് സര്‍വകലാശാലയില്‍ നേരത്തെ അക്കാദമിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തായിരുന്നു. രോഹിത് വെമുലയുടെ മരണത്തിനു ശേഷം ഉയര്‍ന്നു വന്ന 'രോഹിത് വെമുലയ്ക്ക് നീതി' പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."