സി.പി.എം വിമതര്‍ സി.പി.ഐയില്‍ ചേക്കേറാന്‍ നീക്കം: ഇടതുമുന്നണിയില്‍ അസ്വാരസ്യം രൂക്ഷം
കൊച്ചി: ജില്ലയിലെ വി.എസ് പക്ഷക്കാരായ സി.പി.എം വിമതര്‍ സി.പി.ഐയില്‍ ചേക്കേറാനൊരുങ്ങുമ്പോള്‍ ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. വിമതരെ സി.പി.ഐയില്‍ എടുക്കുന്നതിലുള്ള അസ്വാരസ്യം സി.പി.എം നേതാക്കള്‍ സി.പി.ഐയെ ധരിപ്പിച്ചതായാണ് സൂചന. എന്നാല്‍ സി.പി.എമ്മിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാനാണ് സി.പി.ഐയുടെ തീരുമാനം. തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, പിറവം മേഖലകളിലെ സി.പി.എം വിമതരാണ് ഉദയംപേരൂരിലെ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി രഘുവരന്റെ നേതൃത്വത്തില്‍ സി.പി.ഐയില്‍ ചേരാന്‍ ഒരുങ്ങുന്നത്. സി.പി.ഐ ജില്ലാ നേതൃത്വവുമായി ഇതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിക്കഴിഞ്ഞു. ജൂലൈ ആദ്യം ഉദയംപേരൂരില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ സി.പി.ഐ അംഗത്വം സ്വീകരിക്കും. എന്നാല്‍ സി.പി.എം വിമതരെ സി.പി.ഐയില്‍ എടുക്കാനുള്ള നീക്കത്തില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. സി.പി.എം വിട്ടു വരുന്നവര്‍ക്ക് സി.പി.ഐ നേതൃസ്ഥാനങ്ങള്‍ നല്‍കിയാല്‍ മുന്നണി ബന്ധങ്ങള്‍ ഉലയുമെന്ന് സി.പി.എം നേതൃത്വവും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സി.പി.ഐക്ക് ലഭിക്കുന്ന ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലൊന്ന് ലഭിക്കണമെന്നാണ് ടി രഘുവരന്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധി. വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെയോ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെയോ ചെയര്‍മാന്‍ സ്ഥാനമാണ് രഘുവരന് കിട്ടാന്‍ സാധ്യതയുള്ളത്. എന്നാല്‍ സി.പി.ഐയില്‍ ഇതിനോട് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാതെ കാലുമാറി വരുന്നവര്‍ക്ക് നല്‍കുന്നതിനോട് ഒരുവിഭാഗം സി.പി.ഐ നേതാക്കള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു.
സി.പി.എമ്മിനെ വെല്ലുവിളിച്ച് സമാന്തര സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവന്ന രഘുവരനെ സി.പി.ഐയില്‍ എടുക്കുകയും നേതൃപദവികള്‍ നല്‍കുകയും ചെയ്താല്‍ അത് മുന്നണി ബന്ധത്തെ പബാധിക്കുമെന്ന് സി.പി.എം ജില്ലാ നേതാക്കളും സി.പി.ഐ നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായി പുറത്തുപോകുന്നവരെ ഉള്‍ക്കൊള്ളാന്‍ സംസ്ഥാന തലത്തില്‍ തന്നെ സി.പി.ഐ തീരുമാനം എടുത്തിട്ടുള്ളതിനാല്‍ ഇത്തരം എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടു പോകാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം വിമതരെ സ്വീകരിക്കാന്‍ പച്ചക്കൊടി കാട്ടിക്കഴിഞ്ഞതായാണ് സൂചന. അതേസമയം ഔദ്യോഗിക പക്ഷവുമായി പോരടിച്ച് പുറത്തു പോയ വി.എസ് പക്ഷക്കാര്‍ സി പി ഐയിലേക്ക് ചേക്കേറുന്നത് സി പി എം നേതൃത്വത്തിന് തിരിച്ചടിയായി മാറുകയാണ്. ടി രഘുവരന് പിന്നാലെ ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും വിമത വി.എസ് പക്ഷക്കാര്‍ സി.പി.ഐയില്‍ ചേരുമെന്നാണ് സൂചന. ജില്ലയിലെ പ്രമുഖ വി എസ് പക്ഷ നേതാക്കളുടെ പിന്തുണ വിമതര്‍ക്കുണ്ടെന്നാണ് ഔദ്യോഗിക പക്ഷം വിശ്വസിക്കുന്നത്. ഉദയംപേരൂരിലെ വിമതര്‍ കൃഷ്ണപിള്ള സാസ്‌കാരിക വേദിയുണ്ടാക്കിയാണ് സമാന്തര സംഘടനാ പ്രവര്‍ത്തം നടത്തിയിരുന്നത്.
പി രാജീവ് ജില്ലാ സെക്രട്ടറിയായ ശേഷം വിമതരെ വരുതിയിലാക്കാന്‍ തീവ്രശ്രമം നടത്തുകയും ഉദയംപേരൂരിലെ വിമതര്‍ വെടിനിര്‍ത്തലിന് തയ്യാറാകുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ പാര്‍ട്ടിയുമായി സഹകരിച്ചില്ലെങ്കിലും സ്വന്തം നിലയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം സ്വരാജിന്് വേണ്ടി പ്രവര്‍ത്തിച്ചത്. സി പി എമ്മിന്റെ പ്രാദേശിക നേതൃത്വവുമായി ഒരു വിധത്തിലും സഹകരിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഇവര്‍ സി പി ഐയില്‍ ചേരാന്‍ തീരുമാനിച്ചത്. നേരത്തെ സി പി ഐ വിട്ട് സി പി എമ്മിലേക്ക് വന്ന രണ്ട് അഭിഭാഷകരും ഉദയംപേരൂരിലെ വിമത നീക്കങ്ങളുടെ ഭാഗമായിരുന്നു. ഇവരും തിരികെ സി.പി.ഐയില്‍ ചേരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."