കരാറുകാരുടെ ക്ഷാമം; വൈദ്യുതീകരണ പ്രവൃത്തികള്‍ സ്തംഭിച്ചു
കാസര്‍കോട്: കരാറുകാരുടെ അപര്യാപ്തത കാരണം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വൈദ്യൂതീകരണ പ്രവൃത്തികള്‍ സ്തംഭനത്തില്‍. ജില്ലാ ഭരണകൂടത്തിന്റെ കീഴിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ നടക്കേണ്ട വൈദ്യുതീകരണ പ്രവൃത്തികളാണ് സ്തംഭനാവസ്ഥയിലുള്ളത്.
ഇ-ടെന്‍ഡറാണ് വൈദ്യുതീകരണത്തിനായി ക്ഷണിക്കുന്നതെങ്കിലും ചെറിയ പ്രവൃത്തികള്‍ മറ്റ് ജില്ലകളിലുള്ള കരാറുകാര്‍ ഏറ്റെടുക്കാതെ വന്നതോടെ ജില്ലയിലെ നിരവധി ചെറുകിട പദ്ധതികളാണ് മുടങ്ങികിടക്കുകയാണ്.
ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാറെടുക്കുന്നതിന് ആകെയുള്ളത് അഞ്ചുപേര്‍ മാത്രമാണ്. അങ്കണവാടികള്‍, ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ വൈദ്യുതീകരണ പ്രവൃത്തികളുടെ കരാറേറ്റെടുത്ത് നടപ്പാക്കാന്‍ ഈ അഞ്ചുപേര്‍ അപര്യാപ്തമാണ്.
വൈദ്യുതീകരണ പ്രവൃത്തികള്‍ നടക്കാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്ന് കൊടുക്കാന്‍ പറ്റാത്ത നിരവധി കെട്ടിടങ്ങള്‍ ജില്ലയിലുണ്ട്.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതികളും ബഡ്‌സ് സ്‌കൂള്‍ അടക്കമുള്ള കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കെട്ടിടങ്ങളടക്കമുള്ള പദ്ധതികളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നുണ്ടെങ്കിലും വൈദ്യുതീകരണം നീണ്ട് പോവുകയാണ്.
2014ല്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ വൈദ്യുതീകരണം വരെ ഇപ്പോഴും വൈദ്യുതീകരണം നടക്കാതെ കിടക്കുന്നുണ്ട്. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയാലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലും വരുന്ന കാലതാമസത്താലും പദ്ധതികള്‍ പാതിവഴിയിലുണ്ട്.
വൈദ്യുതി തൂണുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും കുറവ് കാരണം നിരവധി പദ്ധതികള്‍ മുടങ്ങികിടക്കുന്നതിനിടയിലാണ് കരാറുകാരുടെ അപര്യാപ്തതയും ജില്ലയിലെ വികസന പദ്ധതികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."