മണല്‍ ലോറികള്‍ തട്ടിയെടുത്ത അഞ്ചംഗസംഘം അറസ്റ്റില്‍
കണ്ണൂര്‍: മണല്‍ എത്തിക്കുന്ന സംഘങ്ങളുടെ കുടിപ്പകയുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍നിന്നു കേരളത്തിലേക്കു മണലുമായി വരുന്ന ലോറികള്‍ തട്ടിയെടുത്ത അഞ്ചംഗ സംഘത്തെ പൊലിസ് അറസ്റ്റുചെയ്തു. മുണ്ടേരി സുഷമ നിലയത്തില്‍ വിനോദ് (30), ഏച്ചൂര്‍ വട്ടപ്പൊയില്‍ ജമീല മന്‍സിലില്‍ മുഹമ്മദ് (27), മുണ്ടേരി ചാപ്പയിലെ ചെറിയവീട്ടില്‍ മുഷ്റഫ് (28), ഇരിവേരി ചെറിയമുറിക്കുന്നത്ത് വീട്ടില്‍ അരുണ്‍ലാല്‍ (24), തളിപ്പറമ്പ് നാടുകാണിയിലെ പടിപ്പുരയ്ക്കല്‍ വീട്ടില്‍ സുമേഷ് (27) എന്നിവരെയാണു ടൗണ്‍ എസ്.ഐ സിബീഷും സംഘവും പിടികൂടിയത്. അരുണ്‍ലാല്‍ മംഗളൂരുവില്‍നിന്നു മണല്‍ എത്തിച്ചുനല്‍കുന്ന ഏജന്റ് കൂടിയാണെന്നു പൊലിസ് പറഞ്ഞു. മംഗളൂരുവില്‍നിന്നു മണലുമായെത്തുന്ന ലോറിയുടെ വിവരങ്ങള്‍ അറിയാവുന്ന അരുണ്‍ലാല്‍ മറ്റുള്ളവരുമായി ചേര്‍ന്നു ഡ്രൈവറെ ഭീഷണിപ്പെടുത്തി മണല്‍ലോറി തട്ടിയെടുക്കുകയും മണല്‍ മറിച്ചുവിറ്റ ശേഷം ലോറി ഉപേക്ഷിക്കുകയുമാണു ചെയ്യാറെന്നു പൊലിസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ അഞ്ചു ലോറികള്‍ തട്ടിയെടുത്തതായും പൊലിസ് കണ്ടെത്തി. സംഘം തട്ടിയെടുത്ത മൂന്നു ലോറികളും പൊലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ തെഴുക്കിലേപീടികയില് കഴിഞ്ഞദിവസം ലോറി ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കാസര്‍കോട് സ്വദേശിയായ ലോറി ഉടമയുടെ പരാതിയിലാണു പ്രതികളെ അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."