മോദിയുടെ നയങ്ങള്‍ സാധാരണക്കാരെ പാപ്പരാക്കി: കെ.എന്‍.എ ഖാദര്‍
കാട്ടാമ്പള്ളി: മോദിയുടെ സാമ്പത്തിക നയങ്ങള്‍കൊണ്ട് നേട്ടമുണ്ടായത് കുത്തക മുതലാളിമാര്‍ക്കാണെന്നു കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. തൊഴില്‍ സംസ്‌കാരങ്ങള്‍ തകര്‍ത്ത് കോര്‍പ്പറേറ്റ് ശക്തികള്‍ക്കു സഹായകരമായ നയങ്ങളാണു മോദി ഭരണത്തില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'നേതൃസമീക്ഷ' എക്‌സിക്യുട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ നിയമങ്ങള്‍ മാറ്റി സാധാരണക്കാരായ തൊഴിലാളികളെയാണു കഷ്ടത്തിലാക്കുന്നത്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. ഓരോ രാജ്യത്ത് പോകുമ്പോഴും കുത്തക മുതലാളിമാര്‍ക്കു പ്രയോജനമുള്ള കാര്യങ്ങളാണു നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയും ഭവന പദ്ധതികളും യു.പി.എ ഭരണത്തിലെ നന്മകളായിരുന്നു. വര്‍ഗീയതയെ കുറിച്ചും മതങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ഗൗരവകരമായി കാണണം. വര്‍ഗമപരമായും മതപരമായും വേര്‍തിരിപ്പിക്കുന്നതു പോലെതന്നെ സാമ്പത്തികപരമായും തളര്‍ത്താനാണു സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ സംസാരിച്ചു. ടി.പി.വി കാസിം, എസ്. മുഹമ്മദ്, എന്‍.എ അബൂബക്കര്‍, ഇബ്രാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി, കെ.ടി സഹദുല്ല, കെ.പി താഹിര്‍, എം.പി.എ റഹീം എന്നിവര്‍ ക്യാംപ് നിയന്ത്രിച്ചു. തുടര്‍ന്നു സംഘടനാ ചര്‍ച്ചകളും നടന്നു.
ഇന്നു രാവിലെ ഒന്‍പതിന് ക്യാംപ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. സംഘാടനത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ സി.പി സൈതലവി ക്ലാസെടുക്കും. സമാപനം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."