കാസര്‍കോട് പൊലിസ് മ്യൂസിയം ഒരുങ്ങി
കാസര്‍കോട്: കേസന്വേഷണത്തെ സഹായിക്കുന്നതിനായി കാസര്‍കോട് പൊലിസ് മ്യൂസിയം ഒരുങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ജില്ലാ പൊലിസ് ചീഫിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിന്റെ മേല്‍നോട്ടം ഡിവൈ.എസ്.പി സുബ്രഹ്മണ്യനാണ്.
അപകടങ്ങള്‍, ആത്മഹത്യകള്‍ തുടങ്ങിയവയുടെയും ബലാത്സംഗങ്ങളിലൂടെയുള്ള കൊലപാതകങ്ങള്‍, പിടിച്ചുപറി തുടങ്ങിയവയുടെയും ഡമ്മികളാണ് മ്യൂസിയത്തില്‍ ഇടംപിടിക്കുക. ആദ്യഘട്ടത്തില്‍ മൂന്നു ഡമ്മികളാണ് മ്യൂസിയത്തില്‍ എത്തിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ പ്രതിമ, ഫാനില്‍ തൂങ്ങിമരിച്ച യുവതിയുടെ പ്രതിമ, വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ മൃതദേഹത്തിന്റെ പ്രതിമ എന്നിവയാണ് മ്യൂസിയത്തില്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
അപകടം നടന്ന സ്ഥലങ്ങളിലും മറ്റും വച്ചു നടത്തുന്ന ഇന്‍ക്വസ്റ്റുകള്‍ കുറെക്കൂടി ജാഗ്രതയോടെ നടത്താന്‍ മ്യൂസിയം ഉപകരിക്കും. ഇന്‍ക്വസ്റ്റിലെ പിഴവുകൊണ്ടുമാത്രം പല കേസുകളും കോടതിയിലെത്തുമ്പോള്‍ പരാജയപ്പെട്ടു പോകുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി പൊലിസുകാര്‍ക്കു പരിശീലനം നല്‍കുന്നതിനും മറ്റുമായാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
ആഭ്യന്തര വകുപ്പാണ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചത്. പൊലിസുകാരുടെ പരിശീലനം മുഖ്യലക്ഷ്യമായി ഉദ്ദേശിച്ച് നടപ്പാക്കിയ മ്യൂസിയത്തില്‍ ഇതിനകം 250 പൊലിസുകാര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."