പള്ളിക്കര മേല്‍പ്പാലം: ടെന്‍ഡര്‍ സെപ്തംബറിലെന്നു എം.പി
നീലേശ്വരം: ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടി സെപ്തംബറില്‍ ആരംഭിക്കുമെന്ന് പി കരുണാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സേതുഭാരതം പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇതിനാവശ്യമായ 40 കോടി രൂപ അനുവദിച്ചത്.
ഇതിന്റെ അലൈന്‍മെന്റിന് റെയില്‍വേയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ മാസമാണ് റെയില്‍വേ, ദേശീയപാത, റവന്യൂ വകുപ്പുകള്‍ സംയുക്തമായ പരിശോധന നടത്തി അലൈന്‍മെന്റ് തയാറാക്കിയത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനുള്ള ചുമതല ഗാസിയാബാദിലെ ചൈതന്യ ഏജന്‍സിക്കാണ്. ഓഗസ്ത്-സെപ്തംബര്‍ മാസത്തോടെ ഇതിനു അംഗീകാരമാകുമെന്നും എം.പി അറിയിച്ചു. ഓഗസ്തില്‍ എസ്റ്റിമേറ്റും തയാറാക്കും. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതനുസരിച്ചു നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി ഇക്കാര്യം രേഖാമൂലമറിയിച്ചുവെന്നം എം.പി പറഞ്ഞു.
നാലുവരിപ്പാതയ്ക്കുള്ള സ്ഥലം തന്നെയായിരിക്കും ഏറ്റെടുക്കുക. എന്നാല്‍ ഇപ്പോള്‍ രണ്ടുവരിപ്പാതയുടെ നിര്‍മാണം മാത്രമാകും നടക്കുക. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നടത്തിപ്പു ചുമതല. സംസ്ഥാന റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്റെ അനുമതി ഇതിനാവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അറിയിച്ചതായും എം.പി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം മയിച്ച കീഴ്പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും എം.പി അറിയിച്ചു. മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ ഫണ്ടില്‍ നിന്നു 1.61 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു.
എന്നാല്‍ 78000 രൂപ കുറവായതിനാലാണ് ടെന്‍ഡര്‍ നടപടികള്‍ വൈകിയത്. ആ തുക ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വഹിക്കും. ടെന്‍ഡര്‍ നടപടികള്‍ക്ക് ഡി.ആര്‍.എമ്മിന്റെ അനുമതി ലഭിച്ചതായും എം.പി പറഞ്ഞു. ഇതു നടപ്പിലാകുന്നതോടെ ചെറുവത്തൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ നീലേശ്വരവുമായി ബന്ധപ്പെടാന്‍ കഴിയും.
ചെറുവത്തൂര്‍ സ്റ്റേഷനിലെ നടപ്പാലം കിഴക്കുഭാഗത്തേക്കു നീട്ടാന്‍ 42 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും അദ്ദേഹം അറിയിച്ചു. എം.പി, എം.എല്‍.എ ഫണ്ടുകളുപയോഗിച്ച് ആറു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നീലേശ്വരം മേല്‍നടപ്പാലം കിഴക്കുവശത്തേക്കു നീട്ടാനുള്ള എസ്റ്റിമേറ്റ് തയാറായി വരുകയാണ്. ഏകദേശം 60 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. മേല്‍നടപ്പാലത്തിന്റെ മേല്‍ക്കൂര ഉടന്‍ പൂര്‍ത്തിയാക്കും. ആദര്‍ശ് സ്റ്റേഷനുകളുടെ വികസനത്തിനു പ്രത്യേക വിഹിതത്തിനായി അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഡി.ആര്‍.എം അനുകൂലമായാണു പ്രതികരിച്ചതെന്നും എം.പി അറിയിച്ചു.
പള്ളിക്കര മേല്‍പ്പാലം: സ്ഥലമേറ്റെടുപ്പ് കീറാമുട്ടിയാകും
നീലേശ്വരം: ദേശീയപാതയിലെ പള്ളിക്കരയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് സെപ്തംബറില്‍ ടെന്‍ഡറാകുമെങ്കിലും നാലുവരിപ്പാതയ്ക്ക് സ്ഥലമേറ്റെടുത്ത ശേഷം മാത്രം രണ്ടുവരിപ്പാത നിര്‍മാണമെന്ന തീരുമാനം പുതിയ പ്രതിസന്ധിക്കിടയാക്കും. രണ്ടുവരിപ്പാതയ്ക്കായി 2003 ല്‍ തന്നെ കരുവാച്ചേരി മുതല്‍ കാര്യങ്കോട് വരെയുള്ള സ്ഥലങ്ങള്‍ ഏറ്റെടുത്തെങ്കിലും 13 വര്‍ഷം കഴിഞ്ഞിട്ടും പാലം യാഥാര്‍ഥ്യമായില്ല. നേരത്തേ സ്ഥലം വിട്ടുനല്‍കിയവര്‍ക്കു തന്നെ മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. സ്ഥലം നഷ്ടപ്പെട്ട വാഴവളപ്പില്‍ കുഞ്ഞിരാമന്‍ ആത്മഹത്യ ചെയ്ത സാഹചര്യവുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചില കേസുകളും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."