കോണ്‍ഗ്രസ് പരാജയം: നിലമ്പൂരില്‍ ഒരു വിഭാഗം മറുചേരിയെ സഹായിച്ചെന്ന് ആക്ഷേപം
മലപ്പുറം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയ കാരണങ്ങള്‍ അന്വേഷിക്കുന്ന മേഖലാ സമിതിക്കുമുന്നില്‍ പരാതിപ്രളയം. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നെത്തിയ പ്രതിനിധികളാണു സമിതിക്കുമുമ്പില്‍ പരാതിയുടെ കെട്ടഴിച്ചത്. നിലമ്പൂരില്‍ മത്സരിച്ച ആര്യടന്‍ ഷൗക്കത്തിനു കോണ്‍ഗ്രസിലെ ഒരു വിഭാഗം വോട്ടുചെയ്തില്ലെന്നു മാത്രമല്ല മറുചേരിയെ സഹായിക്കുകയും ചെയ്‌തെന്ന് അംഗങ്ങള്‍ തുറന്നടിച്ചു.
ആര്യാടന്‍ മുഹമ്മദിനു ലഭിച്ചിരുന്ന വിവിധ ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അനുകൂലമായില്ലെന്നുപറഞ്ഞ അംഗങ്ങള്‍ കഴിഞ്ഞ തവണ ലഭിച്ച എ.പി വിഭാഗത്തിന്റെ വോട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതു തിരിച്ചടിയായി. അതേസമയം ഈ വിഭാഗത്തെ കൂടെനിര്‍ത്തിയതിനാല്‍ മുസ്്‌ലിംലീഗിലെ ഒരുവിഭാഗം വോട്ടുചെയ്തില്ലെന്നും അംഗങ്ങള്‍ സമിതിക്കുമുന്നില്‍ പരാതിപ്പെട്ടു. തരം കിട്ടുമ്പോള്‍ മുസ്്‌ലിം ലീഗിനെ ആക്ഷേപിക്കുകയും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കൂടെകൂടുകയും ചെയ്യുന്ന ആര്യാടന്റെ രീതിയും തിരിച്ചടിക്കു കാരണമായതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും കമ്മിറ്റികള്‍ക്കു പരാതി നല്‍കാന്‍ അവസരമുണ്ടായിരുന്നു. തവനൂരില്‍ സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയതിനെ മണ്ഡലം കമ്മിറ്റി വിമര്‍ശിച്ചു. പ്രാദേശികമായി സ്വാധീനമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനു പകരം പ്രാദേശിക കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് തള്ളി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും തോല്‍വിക്കു കാരണമാണെന്നും അംഗങ്ങള്‍ പറഞ്ഞു.
നാലുമണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ വണ്ടുരില്‍ മാത്രമാണ് വിജയിക്കാനായത്. ഇവിടെ വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. സംസ്ഥാനത്തുണ്ടായ ഇടതുതരംഗം ഒരു കാരണമാണെങ്കിലും മുതിര്‍ന്ന നേതാക്കള്‍ മൂലം കോണ്‍ഗ്രസിന്റെ പ്രതിഛായയ്ക്കു കോട്ടം തട്ടിയതും പരാജയത്തിന്റെ കാരണമാണെന്നും ചില മണ്ഡലങ്ങളില്‍ നിന്നെത്തിയവര്‍ പറഞ്ഞു. രാവിലെ 10നു തുടങ്ങിയ സിറ്റിംഗ് വൈകുന്നേരം അഞ്ചുവരെ തുടര്‍ന്നു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് കണ്‍വീനറും കെപിസിസി സെക്രട്ടറിമാരായ ജി.ബാലചന്ദ്രന്‍, അബ്ദുല്‍മുത്തലിബ് എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ സമിതിയാണ് സിറ്റിംഗ് നടത്തിയത്. 86 പേരാണു പരാതി പറയാനെത്തിയത്. ഇതില്‍ 28 പേര്‍ രേഖാമൂലം പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."