മൂലക്കുരു ചികിത്സ; വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍
നിലമ്പൂര്‍: ആരോഗ്യ വകുപ്പിന്റെ മിന്നല്‍ റെയ്ഡില്‍ മൂലക്കുരുവിനു ചികിത്സ നടത്തിയിരുന്ന രണ്ടു വ്യാജ ഡോക്ടര്‍മാര്‍ കുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡിലാണു മൂലക്കുരുവിനു ചികിത്സ നടത്തിയിരുന്ന നിലമ്പൂരിലെ രണ്ടു വ്യാജ ഡോക്ടര്‍മാര്‍ പിടിയിലായത്. നിലമ്പൂര്‍ അരുവാക്കോട് റോഡിലെ രാജീവ് ക്ലിനിക്കിലെ എം.എം ബിശ്വാസ്, നിലമ്പൂര്‍ മിനി ബൈപാസ് റോഡിനോടു ചേര്‍ന്ന് കല്ലേമ്പാടത്തെ മാതാ ക്ലിനിക്കിലെ അനൂപ് ബിശ്വാസ് എന്നിവരെയാണു പിടികൂടിയത്. അനൂപിനെ നിലമ്പൂരിലെ ക്ലിനിക്കില്‍ വെച്ചും എം.എം ബിശ്വാസിനെ മഞ്ചേരിയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഇവര്‍ മൂലക്കുരുവിനു ക്ലിനിക്ക് നടത്തി ചികിത്സ നല്‍കിവരികയാണ്.
എം.എം.ബിശ്വാസ് നിലമ്പൂരിനു പുറമെ മഞ്ചേരിയിലും വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആയുര്‍വേദ ചികിത്സ നടത്തിയിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സീമാമുവിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ രാജീവ് ക്ലിനിക്കില്‍ എത്തിയപ്പോള്‍ എം.എം ബിശ്വാസ് സ്ഥലത്തില്ലായിരുന്നു. ഭാര്യയുടെ സഹായത്തോടെ ഓഫിസ് തുറന്നു പരിശോധിച്ചപ്പോഴാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചുമാണു ചികിത്സ നടത്തുന്നതെന്നു കണ്ടെത്തിയത്. വര്‍ഷങ്ങളായി നിലമ്പൂരില്‍ മൂലക്കുരു ക്ലിനിക്ക് നടത്തിവരികയാണ്. പ്രാദേശിക ചാനലുകള്‍, പത്രങ്ങള്‍, വൈദ്യുതി തൂണുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിറങ്ങളോടു കൂടിയ പരസ്യങ്ങള്‍ നല്‍കിയാണു തട്ടിപ്പു നടത്തിയിരുന്നത്. മൂലക്കുരു അനുബന്ധ രോഗങ്ങള്‍ക്കും ചികിത്സ നല്‍കിയിരുന്നു.
മാനന്തവാടിയില്‍ നിന്നും മൂന്നു വര്‍ഷം മുമ്പു നിലമ്പൂരിലെത്തിയ കല്‍ക്കട്ട സ്വദേശിയായ അനൂപ് ബിശ്വാസ് വീട് വാടകക്കെടുത്ത് ആയുര്‍വേദ ചികിത്സ നടത്തിവരികയായിരുന്നു. നിലമ്പൂരിലെ വിലാസത്തില്‍ ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് പൊലിസ് കണ്ടെടുത്തു. അതേസമയം മാനന്തവാടി വിലാസത്തിലാണ് ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളത്. ചോദ്യം ചെയ്യലില്‍ ഇയാളുടെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് മാത്രമാണെന്ന് തെളിഞ്ഞു. സംസ്ഥാന യുനാനി പാരമ്പര്യ വൈദ്യ അസോസിയേഷന്‍ എന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്നത്. ആരോഗ്യ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ. എ. മുനീര്‍, ജെ.എച്ച്.ഐ വി. സുന്ദരന്‍, എ.എസ്.ഐ വി.പി അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."