വോട്ടര്‍ പട്ടിക ശുദ്ധീകരണം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിപുലമായ പരിപാടി
മലപ്പുറം: തെറ്റുകളും ഇരട്ടിപ്പും പൂര്‍ണമായി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള വിപുലമായ പദ്ധതി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കി. ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണം- 2016 (നേര്‍പ്-2016) എന്ന പേരിലുള്ള പരിപാടിയുടെ ഭാഗമായി അഞ്ചു വര്‍ഷത്തെ മരണ രജിസ്റ്ററുകള്‍ പരിശോധിച്ച് മരണപ്പെട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഫീല്‍ഡ് പരിശോധനയിലൂടെ മറ്റു തെറ്റുകളും ഇരട്ടിപ്പുകളും ഇല്ലാതാക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ പ്രത്യേക സോഫ്റ്റ്‌വേറിലൂടെ താലൂക്ക് തലങ്ങളില്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ജൂലൈ 11 ന് ലിസ്റ്റ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ കയറി സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും പട്ടികയില്‍ പേരില്ലാത്തവരുടെയും 2017 ജനുവരി ഒന്നിന് 18 തികയുന്നവരുടെയും പട്ടിക തയാറാക്കുകയും ചെയ്യും. ഫീല്‍ഡ് പരിശോധനയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷമാണ് പട്ടികയിലെ തെറ്റ് തിരുത്തുക. സെപ്റ്റംബര്‍ 10 നകം ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും വിധം പ്രവര്‍ത്തന രൂപരേഖ കമ്മീഷന്‍ തയാറാക്കിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതോടൊപ്പം പോളിങ് ബൂത്തുകളുടെ മാപ്പും അടിസ്ഥാന സൗകര്യങ്ങളടങ്ങിയ സ്‌കെച്ചും ഫോട്ടോകളും തയാറാക്കും. ജി.പി.എസ്, ഗൂഗ്ള്‍ മാപ്പിങ് വഴി സെക്ഷന്‍- പാര്‍ട്ട് അതിര്‍ത്തികള്‍ കണ്ടെത്തും. പോളിങ് സ്റ്റേഷന്റെ ലൊക്കേഷന്‍ പ്ലാനും ഉപഗ്രഹ ദൃശ്യവും ബൂത്ത് ഏരിയയുടെ കാഡ് ഡ്രോയിങും തയാറാക്കും. പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് വിവിധ തലങ്ങളില്‍ പരിശീലനം നല്‍കും.
വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള പരിപാടിയുമായി സഹകരിക്കണമെന്ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി അഭ്യര്‍ഥിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.വി സജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."